124 റൺസുമായി മന്ദാനയുടെ വെടിക്കെട്ട്, ഹോങ്‌കോങ്ങിനെതിരേ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ

ദുബായ്: വനിതാ ഏഷ്യാകപ്പിൽ ഹോങ്കോങ്ങിനെതിരേ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ വനിതകൾ 193 റൺസെടുത്തു. സ്മൃതി മന്ദാനയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. മന്ദാന 64 പന്തിൽനിന്ന് 124 റൺസെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മികച്ച തുടക്കമായിരുന്നു. ഷഫാലി വർമയും സ്മൃതി മന്ദാനയും പവർപ്ലേയിൽ അടിച്ചുതകർത്തു. ആദ്യ ആറോവറിൽതന്നെ ടീം സ്‌കോർ അറുപതിലെത്തി. ആറാം ഓവറിൽ 22 റൺസാണ് ഷഫാലി അടിച്ചെടുത്തത്. എട്ടാം ഓവറിൽ ഷഫാലി പുറത്തായി. 17 പന്തിൽ 28 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നാലെ സ്മൃതി മന്ദാന ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. ഹോങ്കോങ് ബൗളർമാരെ പ്രഹരിച്ച മന്ദാന സ്‌കോറിങ്ങിന് വേഗം കൂട്ടി. പത്തോവർ അവസാനിക്കുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 85 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ.
11-ാം ഓവറിൽ മന്ദാന അർധസെഞ്ചുറി തികച്ചു. പിന്നാലെ ടീം നൂറുകടന്നു. വൺഡൗണായി ഇറങ്ങിയ പ്രതിക റാവൽ വെറും പത്ത് റൺസെടുത്ത് പുറത്തായി. പിന്നാലെയിറങ്ങിയ റിച്ച ഘോഷിനെ ഒരുവശത്തുനിർത്തി മന്ദാന തകർത്തടിച്ചു. അതോടെ അവരുടെ സ്കോർ സെഞ്ചുറിയിലേക്ക് കുതിച്ചു. 15 ഓവറിൽ ടീം 140 ലെത്തി. റിച്ച ഘോഷ് 11 റൺസെുത്ത് പുറത്തായെങ്കിലും മന്ദാന വെടിക്കെട്ട് തുടർന്നു. 17-ാം ഓവറിൽ മന്ദാന സെഞ്ചുറി തികച്ചു.
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി അതോടെ മന്ദാന മാറി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുംകൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടവും മന്ദാന സ്വന്തമാക്കി. 18 സെഞ്ചുറികളാണ് മന്ദാനയുടെ പേരിലുള്ളത്. 17 സെഞ്ചുറികളുള്ള ഓസീസ് താരം മെഗ് ലാന്നിങ്ങിനെയാണ് മന്ദാന മറികടന്നത്. മന്ദാന തകർത്തടിച്ചതോടെ 18-ാം ഓവറിൽ 21 റൺസ് പിറന്നു. അവസാന ഓവറിൽ മന്ദാന റണ്ണൗട്ടായി മടങ്ങുമ്പോൾ ഇന്ത്യൻ സ്‌കോർ 190 ലെത്തിയിരുന്നു. 64 പന്തിൽനിന്ന് 124 റൺസാണ് മന്ദാനയുടെ സമ്പാദ്യം. 193-5 എന്ന നിലയിൽ ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചു.
Content Highlights: Smriti Mandhana scored 124 runs off 64 balls, hitting a brilliant century, Asia cup match