ഷഫാലിക്ക് സെഞ്ചുറി; ഏഷ്യൻ ഗെയിംസിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ, എതിരാളികൾ ശ്രീലങ്ക

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: PTI
Photo: PTI

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ബംഗ്ലാദേശ് വനിതകളെ 114 റൺസിന് തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഓപ്പണർ ഷഫാലി വർമയുടെ സെഞ്ചുറി മികവിൽ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 15.4 ഓവറിൽ വെറും 81 റൺസിന് ഓൾഔട്ടായി. ചൊവ്വാഴ്ച നടക്കുന്ന സ്വർണ മെഡൽ മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ സെമിയിൽ പാകിസ്താനെ എട്ടു വിക്കറ്റിന് തോൽപ്പിച്ചാണ് ശ്രീലങ്ക ഫൈനലിൽ എത്തിയത്. 2023-ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യക്ക്, ഐച്ചി-നാഗോയയിൽ സ്വർണം  നിലനിർത്താനുള്ള മികച്ച അവസരമാണ്

ഒരുങ്ങിയിരിക്കുന്നത്.

മത്സരത്തിൽ 49 പന്തിൽ നിന്നാണ് ഷഫാലി സെഞ്ചുറി തികച്ചത്. ഒമ്പത് സിക്‌സും മൂന്ന് ഫോറുമടക്കം 100* റൺസുമായി ഷഫാലി പുറത്താകാതെ നിന്നു. ഇതോടെ വനിതാ ടി20 ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന വെസ്റ്റിൻഡീസ് താരങ്ങളായ ഡിയാന്ദ്ര ഡോട്ടിൻ, ഹെയ്‌ലി മാത്യൂസ് എന്നിവരുടെ റെക്കോർഡിനൊപ്പമെത്താൻ ഷഫാലിക്കായി. വനിതാ ടി20-യിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് ഷഫാലി. സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ എന്നിവരാണ് ഇതിനുമുമ്പ് സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങൾ. കൂടാതെ, 2018-ൽ ന്യൂസിലൻഡിനെതിരേ ഹർമൻപ്രീത് സ്ഥാപിച്ച ഏറ്റവും വേഗമേറിയ ടി20 സെഞ്ചുറിയെന്ന ഇന്ത്യൻ റെക്കോർഡിനൊപ്പമെത്താനും ഷഫാലിക്കായി.

ഓപ്പണിങ് വിക്കറ്റിൽ സമൃതി മന്ദാനയ്‌ക്കൊപ്പം 36 പന്തിൽ നിന്ന് 72 റൺസിന്റെ കൂട്ടുകെട്ടും ഷഫാലി പടുത്തുയർത്തി. തുടർന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം 55 പന്തിൽ നിന്ന് 94 റൺസ് കൂട്ടിച്ചേർത്ത കൂട്ടുകെട്ടിലും താരം പങ്കാളിയായി.

സമൃതി 19 പന്തിൽ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 37 റൺസെടുത്തു. 33 പന്തുകൾ നേരിട്ട ഹർമൻ 40 റൺസ് നേടി. ആറ് ഫോറുകൾ അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ നന്ദനി ശർമയും ദീപ്തി ശർമയുമും ശ്രീ ചരണിയും ചേർന്ന് എറിഞ്ഞിട്ടു. 2.4 ഓവറിൽ വെറും ഏഴ് റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ദീപ്തി ശർമയാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. നന്ദനി ശർമ നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മൂന്ന് ഓവറിൽ വെറും ഏഴ് റൺസ് മാത്രം വഴങ്ങിയാണ് ശ്രീ ചരണി രണ്ടുവിക്കറ്റ് വീഴ്ത്തിയത്.

23 പന്തിൽ നിന്ന് 27 റൺസെടുത്ത ദിലാര അക്തറാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. 10 റൺസെടുത്ത ശർമിൻ അക്തറും 12 റൺസെടുത്ത സുൽത്താനയും മാത്രമാണ് ബംഗ്ലാ നിരയിൽ പിന്നീട് രണ്ടക്കം കടന്ന താരങ്ങൾ.

Content Highlights: India defeated Bangladesh by 114 runs to reach the Asian Games final., Shafali Verma scored an unbeaten 100 off 49 balls, hitting 9 sixes and 3 fours., India posted 195/4 and bowled out Bangladesh for 81 runs., India will face Sri Lanka in the gold medal match on Tuesday.