ബോക്സിങ് ഡേ ടെസ്റ്റ്; രോഹിത് കളിച്ചേക്കും, രണ്ടുമാറ്റങ്ങളോടെ ഓസീസ്

ഗൗതം ഗംഭീറും രോഹിത് ശര്‍മയും, Photo:AFP
ഗൗതം ഗംഭീറും രോഹിത് ശര്‍മയും, Photo:AFP

മെൽബൺ: ബോർഡർ-ഗാവസ്‌കർ ക്രിക്കറ്റ് പരമ്പരയിലെ ഇത്തവണത്തെ ബോക്‌സിങ് ഡേ ടെസ്റ്റിനിറങ്ങുമ്പോൾ ഇന്ത്യയും ഓസ്‌ട്രേലിയയും ഇടിക്കൂട്ടിൽപ്പെട്ട അവസ്ഥയിലാണ്. പരമ്പരയിലെ മൂന്നുമത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇരുടീമുകളും ഓരോ മത്സരങ്ങളിൽ ജയിച്ചു. ഒന്ന് സമനിലയായി. രണ്ടുടെസ്റ്റുകൾ മാത്രം ബാക്കിനിൽക്കെ മെൽബണിൽ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ വഴിതെളിയും. അതാണ് ടീമുകളുടെയും കളിക്കാരുടെയും സമ്മർദം കൂട്ടുന്നത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിമുതലാണ് മത്സരം.

പരിശീലനത്തിനിടെ മുട്ടിന് പരിക്കേറ്റ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. രോഹിത് ബാറ്റിങ് പരിശീലനം നടത്തുകയും ചെയ്തു. ഇതോടെ ബാറ്റിങ്നിരയിൽ മാറ്റങ്ങളുണ്ടാകില്ല. മത്സരത്തിനുമുൻപു നടത്തിയ പത്രസമ്മേളനത്തിൽ രോഹിത് അധിക സ്പിന്നറെ കളിപ്പിക്കാൻ സാധ്യതയുണ്ടെന്ന സൂചനനൽകിയിരുന്നു. അങ്ങനെയെങ്കിൽ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ ടീമിലെത്തും. രവീന്ദ്ര ജഡേജയും ടീമിലുണ്ടാകും. നിധീഷ് കുമാർ റെഡ്ഡിയെ പുറത്തിരുത്താനാണ് സാധ്യത. പേസർമാരായ ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ്ദീപ് എന്നിവർ സ്ഥാനം നിലനിർത്തും.

രണ്ട് മാറ്റങ്ങളോടെയാണ് ഓസീസ് നാലാം ടെസ്റ്റിനിറങ്ങുന്നത്. പേസര്‍ സ്‌കോട്ട് ബോളണ്ടും യുവതാരം സാം കോണ്‍സ്റ്റാസും ടീമിലിടം പിടിച്ചിട്ടുണ്ട്. പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരക്കരാനായാണ് ബോളണ്ടെത്തുന്നത്. നതാന്‍ മക്‌സ്വീനിക്ക് പകരം ഓസ്‌ട്രേലിയ ഓപ്പണറായി സാം കോൺസ്റ്റാസിനെ ഉൾപ്പെടുത്തി.ഉസ്മാൻ ഖവാജയ്ക്കൊപ്പം കോൺസ്റ്റാസ് കളിക്കും. പരിക്കുള്ള ട്രാവിസ് ഹെഡിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഹെഡിന് കളിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ഓസീസിന് കനത്തതിരിച്ചടിയാകും.

മെൽബണിൽ അവസാനം കളിച്ച മൂന്നുകളികളിലും ഇന്ത്യ തോറ്റിട്ടില്ല. രണ്ടുജയവും ഒരു സമനിലയുമാണുള്ളത്. ഈ റെക്കോഡാണ് ഇന്ത്യൻ ടീമിന് പ്രതീക്ഷനൽകുന്നത്. എന്നാൽ, മൊത്തം കളികളിൽ ഓസ്‌ട്രേലിയക്കാണ് ആധിപത്യം.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് പേസ് ബൗളിങ്ങിനെ തുണയ്ക്കുന്നതാണ്. നല്ല ബൗൺസും വേഗവും കിട്ടും. അവസാന മൂന്നുവർഷംനടന്ന കളികളിൽ 80 വിക്കറ്റും പേസർമാർക്കായിരുന്നു. 14 വിക്കറ്റ് മാത്രമാണ് സ്പിന്നർമാർക്ക് ലഭിച്ചത്. പേസർമാരെ തുണയ്ക്കുമ്പോഴും ബാറ്റർമാർക്ക് ചെറിയ സഹായം പിച്ചിൽനിന്നു ലഭിക്കും.
 

Content Highlights: india vs australia bgt boxing day test