പോരാടി ജയിച്ച മോഹിത്, വിസ്മയിപ്പിച്ച് ആര്യവീറും ഇഷാൻ സൂദും; ഭാവി ഇന്ത്യൻ ടീം ഇവരിലുണ്ട്

#ടി.ജെ. ശ്രീജിത്ത്
അണ്ടർ-19 ഏഷ്യാകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം | X.com/BCCI
അണ്ടർ-19 ഏഷ്യാകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം | X.com/BCCI

ഇന്ദോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ബിഹാർ ടീമിന്റെ നായകനായി പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി അവതരിച്ച അതേദിവസമാണ് അവനെക്കാൾ രണ്ടോ മൂന്നോ വയസ്സ് പ്രായമുള്ളവർ അണ്ടർ-19 ഏഷ്യാകപ്പ് ചാമ്പ്യന്മാരായത്. എന്തുകൊണ്ടായിരിക്കും വൈഭവ് ആ ടീമിന്റെ ഭാഗമല്ലാതിരുന്നത്...?

ഈ ചോദ്യത്തിനുള്ള ഉത്തരത്തിലുണ്ട് ഇന്ത്യൻ ക്രിക്കറ്റിലെ ടാലന്റ് മാജിക്ക്! രാഹുൽ ദ്രാവിഡ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ കോച്ച് ആയിരുന്ന കാലത്താണ് ‘വൺ അണ്ടർ 19 ലോകകപ്പ്’ നിയമം കൊണ്ടുവന്നത്. എത്രപ്രായം കുറവാണെങ്കിലും ഒരുതാരത്തിന് ഒരു ലോകകപ്പ് ടീമിന്റെ ഭാഗമാകാനേ കഴിയൂ. ദ്രാവിഡിന്റെ ഈ നിർദേശം ബി.സി.സി.ഐ. 2016 മുതൽ മുതൽ നടപ്പാക്കി. ഈ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഇന്ത്യൻ ക്രിക്കറ്റ് ടാലന്റ് ബാങ്കായി മാറിയതിനുപിന്നിൽ. 2026-ലെ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു വൈഭവ്. ആ ചാൻസ് അവിടെ തീർന്നു. അടുത്ത അണ്ടർ-19 ലോകകപ്പിനുള്ള ടീമാണിപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.

ജൂനിയർ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺചേസായിരുന്നു അണ്ടർ-19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയുടേത്. ശക്തമായ പേസ്‌നിരയുമായിറങ്ങിയ പാകിസ്താനെതിരേ 338 റൺസ് പിൻതുടരുകയെന്നത് ഒരു ‘എവറസ്റ്റ്’ വെല്ലുവിളിയായിരുന്നു. ഒമാനിൽ റൺസ് കൊടുമുടിക്ക് മുകളിൽ ത്രിവർണപതാക അവർ കുത്തി നിർത്തുമ്പോൾ ഒന്നുറപ്പിക്കാം ഭാവി ഇന്ത്യൻ ടീം ഇവരിലുണ്ട്.

ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗിന് 19 വയസ്സാണ് പ്രായം. അഞ്ച് മത്സരങ്ങളിൽനിന്ന് ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളുമടക്കം 361 റൺസ്. അച്ഛന്റെ മകൻ തന്നെയെന്ന് തെളിയിക്കുന്ന 16 സിക്‌സറുകളും 38 ഫോറുകളും. ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുകയും ആര്യവീറിനുശേഷം ഏറ്റവും കൂടുതൽ റൺസും നേടിയ ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിക്ക് 18 വയസ്സുണ്ട്. ഈ ക്ലാസിക് ഓപ്പണർ അഞ്ച് മത്സരങ്ങളിൽനിന്ന് മൂന്ന് അർദ്ധ സെഞ്ചുറികളടക്കം 242 റൺസ് നേടി. ഫൈനലിൽ ഇന്ത്യയുടെ ഏറ്റവും വലിയ കുറവ് പതിനേഴുകാരൻ ഇഷാൻ സൂദ് എന്ന പേസറായിരുന്നു. നാലുമത്സരങ്ങൾ മാത്രം കളിച്ച ഇഷാൻ 35 ഓവറിൽനിന്ന് 3.82 എന്ന ഇക്കോണമിയിൽ 11 വിക്കറ്റുകളാണ് വീഴ്ത്തിയത്. പരിക്കുമൂലം ഫൈനലിൽ കളിച്ചില്ല.

അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയടക്കം 127 റൺസും ആറുവിക്കറ്റുകളും നേടിയ പത്തൊൻപതുകാരൻ അർജുൻ രജ്പുത്, ഭാവി ഓഫ് സ്പിൻ ഓൾറൗണ്ടർ സാധ്യതാപട്ടികയിലേക്ക് കയറിക്കഴിഞ്ഞു. ഫൈനലിൽ ഇന്ത്യയെ അവിശ്വസനീയമായ നിലയിൽ ജയത്തിലേക്കെത്തിച്ച താരമായ പതിനെട്ടുകാരൻ മോഹിത് ഉൽവ മൂന്നുവിക്കറ്റും 63 റൺസും നേടിയിട്ടുണ്ട്. രാഹുൽദ്രാവിഡിന്റെ മകനായ പതിനേഴുകാരൻ അൻവയ് ബാറ്റിങ് ഓർഡറിൽ വളരെ താഴെയാണിറങ്ങിയത് എന്നതിനാൽ കാര്യമായ പെർഫോമൻസ് വന്നില്ല. പേക്ഷ, ഭാവി വിക്കറ്റ്കീപ്പറാകാനുള്ള സാധ്യതകൾ തുറുന്നിടുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ടുവിക്കറ്റുകൾ വീഴ്ത്തിയ മീഡിയം പേസർ കാവ്യ പരേഷ് പട്ടേലും അഞ്ചുമത്സരങ്ങളിൽ നിന്ന് അഞ്ചുവിക്കറ്റുകൾ വീഴ്ത്തിയ പതിനെട്ടുകാരൻ ഇടംകയ്യൻ സ്പിന്നർ മനാൽ ചൗഹാനും ഭാവിയുടെ താരങ്ങളാണ്.

Content Highlights: India won the U19 Asia Cup 2026 with a record run chase of 338 against Pakistan