പന്തും ബുംറയുമില്ല, സഞ്ജു ടി20 ടീമിൽ; വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ ടി20, ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ഏകദിന ടീമിനെ ശുഭ്മാൻ ഗിൽ നയിക്കുമ്പോൾ ടി20 ടീമിനെ ശ്രേയസ് അയ്യരാണ് നയിക്കുന്നത്. ഏകദിന ടീമിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ഇടംകിട്ടിയില്ല. സഞ്ജു സാംസണും വൈഭവ് സൂര്യവംശിയും അടക്കം സൂപ്പർ താരനിരയാണ് ടി20 സംഘത്തിൽ.
ഏകദിന ടീമിൽ മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ഇടംപിടിച്ചു. യുവതാരങ്ങളായ ഋതുരാജ് ഗെയ്ക്വാദും നമാൻ ധിർ എന്നിവരും ഉപനായകനായി കെ.എൽ. രാഹുലും ടീമിലുണ്ട്. ബൗളർമാരിൽ ജസ്പ്രീത് ബുംറയില്ലാതെയാണ് ടീം പ്രഖ്യാപിച്ചത്. ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. അഖ്വിബ് നബി, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഏകദിന ടീമിലെ പേസ് ബൗളർമാർ.
വലിയ മാറ്റങ്ങളില്ലാതെയാണ് ടി20 ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു, വൈഭവ്, അഭിഷേക്, ഇഷാൻ കിഷൻ എന്നിവരെല്ലാം ടീമിലിടം നേടിയിട്ടുണ്ട്. ഉപനായകനായി തിലക് വർമയും ഓൾറൗണ്ടർമാരായി ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരും വെസ്റ്റിൻഡീസിനെതിരായ സംഘത്തിലുണ്ട്. അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, മായങ്ക് യാദവ് എന്നിവരാണ് ബൗളർമാർ.
രഞ്ജി ജേതാക്കളായ ജമ്മു കശ്മീർ ടീമിനെതിരായ ഇറാനി കപ്പ് മത്സരത്തിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡിനെയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഋഷഭ് പന്താണ് ടീമിനെ നയിക്കുന്നത്. ഏഷ്യൻ ഗെയിംസിലും ജപ്പാനെതിരായ ടി20 മത്സരത്തിനുള്ള സ്‌ക്വാഡിലും പരിക്കേറ്റ വരുൺ ചക്രവർത്തിക്ക് പകരം വിപ്രജ് നിഗം ഇടംപിടിച്ചു.
സെപ്റ്റംബർ 27 നാണ് വിൻഡീസിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. തിരുവനന്തപുരത്താണ് മത്സരം നടക്കുന്നത്. സെപ്റ്റംബർ 30 ന് ഗുവാഹത്തിയിലും ഒക്ടോബർ 3ന് ന്യൂ ചണ്ഡിഗഢിലും ശേഷിക്കുന്ന മത്സരങ്ങൾ നടക്കും. ഒക്ടോബർ 6 മുതൽ 17 വരെയാണ് ടി20 പരമ്പര.
Content Highlights: India’s squad for home series against West Indies and ROI squad for Irani Cup announced