ദക്ഷിണാഫ്രിക്കയ്ക്ക് ബൗളിങ്, ഇന്ത്യക്ക് ടോസ് നഷ്ടപ്പെടുന്നത് തുടർച്ചയായി 20-ാം തവണ

റായ്പുര്‍: രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യക്കിത് തുടർച്ചയായി 20-ാം തവണയാണ് ഏകദിനത്തിൽ ടോസ് നഷ്ടപ്പെടുന്നത്. 2023 ലോകകപ്പ് മുതൽ ഏകദിനത്തിൽ ടോസ് ഇന്ത്യയെ കനിഞ്ഞിട്ടേയില്ല.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്യാപ്റ്റനായി ടെംബ ബാവുമ തിരിച്ചെത്തിയതുൾപ്പെടെ മൂന്ന് മാറ്റങ്ങൾ വരുത്തി. ഇന്ത്യ ആദ്യ ഏകദിനത്തിലെ അതേ ടീമിനെത്തന്നെ നിലനിര്‍ത്തി. ബൗളിങ്ങില്‍ ലുങ്കി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവരും ദക്ഷിണാഫ്രിക്കൻ നിരയിൽ ഇടംപിടിച്ചു. ഫിയാന്‍ റിക്കില്‍ട്ടണ്‍, പ്രണോയ് സുബ്രയേന്‍, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍ എന്നിവര്‍ക്ക് പകരക്കാരായാണ് മൂവരുമെത്തിയത്.
ആദ്യമത്സരത്തില്‍ ഇന്ത്യ സീനിയര്‍ താരങ്ങളായ വിരാട് കോലിയുടെ സെഞ്ചുറിയുടേയും രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടേയും ബലത്തില്‍ വിജയം നേടിയിരുന്നു. കോലി 135 റണ്‍സ് നേടി തകര്‍പ്പന്‍ ഫോം കണ്ടെത്തി. താരത്തിന്റെ ഏകദിന കരിയറിലെ 52-ാം സെഞ്ചുറിയാണിത്. 51 സെഞ്ചുറികള്‍ നേടിയ സച്ചിന്റെ റെക്കോഡ് മറികടന്നാണ് കോലി ചരിത്രം കുറിച്ചത്.
റായ്പുരില്‍ ജയവും അതുവഴി പരമ്പരയും ലക്ഷ്യമിട്ടാണ് ഇന്ത്യ ബുധനാഴ്ച ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. റാഞ്ചിയിലെ ആദ്യ ഏകദിനം ജയിച്ച് 1-0ന് മുൻപിലാണ് ആതിഥേയർ.
Content Highlights: India Aims for Series Victory in Raipur ODI Against South Africa