ഏഷ്യാകപ്പിനു പിന്നാലെ ഇന്ത്യ-പാക് പോരാട്ടം വീണ്ടും; മത്സരം ഉച്ചയ്ക്ക് മൂന്നിന്; കൈക്കൊടുക്കുമോ?

കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ മത്സരങ്ങളുയർത്തിയ വിവാദങ്ങളുടെ അലയൊലികളടങ്ങുംമുൻേപ വീണ്ടും അയൽടീമുകൾ നേർക്കുനേർ. ഇത്തവണ വനിതകളുടേതാണ് പോരാട്ടം. വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും ഞായറാഴ്ച മുഖാമുഖം വരും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ഏകദിനക്രിക്കറ്റിൽ പാകിസ്താന് ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല.
ആദ്യമത്സരത്തിൽ ശ്രീലങ്കയെ 59 റൺസിന് തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ. ടോപ് ഓർഡർ തകർച്ച നേരിട്ടിട്ടും ദീപ്തി ശർമയും അമൻജോതും അർധസെഞ്ചുറികളുമായി നടത്തിയ പോരാട്ടം ഇന്ത്യൻ ബാറ്റിങ്ങിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ബൗളിങ്ങിൽ പേസർ ക്രാന്തി ഗൗഡും സ്പിന്നർമാരായ ദീപ്തി ശർമ, ശ്രീചരണി എന്നിവരും ഫോമിലാണ്. പാകിസ്താനെതിരായ ചരിത്രവും ഇന്ത്യക്കനുകൂലമാണ്.
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിന് തോറ്റതിന്റെ ക്ഷീണത്തിലാണ് പാകിസ്താന്റെ വരവ്. ബാറ്റിങ് നിര തകർന്നടിഞ്ഞതോടെ 129 റൺസിന് ടീം പുറത്തായിരുന്നു.
മഴ ഭീഷണി
മത്സരത്തിന് മഴ ഭീഷണിയുണ്ട്. ചൊവ്വാഴ്ച കൊളംബോയിൽ കനത്തമഴയുണ്ടായിരുന്നു. പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച് ബാറ്റർമാരെ പിന്തുണയ്ക്കുന്നതാണ്.
കൈ കൊടുക്കുമോ
ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്യാപ്റ്റനോ സഹതാരങ്ങളോ പാകിസ്താൻ ടീമിന് കൈ കൊടുത്തിരുന്നില്ല. ഇതേ നിലപാട് വനിതാ ടീമും സ്വീകരിക്കാനാണ് സാധ്യത. ഒരാഴ്ചകൊണ്ട് നിലപാടിൽ മാറ്റംവരാൻ സാധ്യതയില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ പ്രതികരിച്ചിട്ടുമുണ്ട്.
Content Highlights: India and Pakistan Women Face Off in World Cup Showdown