ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് ബന്ധം സർക്കാരിന്റെ തീരുമാനത്തിന് വിധേയം-സിദ്ദു

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കുന്നത് തികച്ചും സർക്കാരിന്റെയും രാഷ്ട്രീയ തീരുമാനങ്ങളുടെയും പരിധിയിൽ വരുന്ന കാര്യമാണെന്ന് മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിങ് സിദ്ദു. ഈ വിഷയത്തിൽ വ്യക്തിപരമായ നിലപാട് എടുക്കുന്നതിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം, തീരുമാനമെടുക്കേണ്ടത് ഉത്തരവാദപ്പെട്ട അധികാരികളാണെന്ന് വ്യക്തമാക്കി. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് കായിക ബന്ധങ്ങൾ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2012-13 സീസണിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകൾ കളിച്ചിട്ടില്ല. എന്നിരുന്നാലും, ഐസിസി, എസിസി എന്നിവ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റുകളിൽ നിഷ്പക്ഷ വേദികളിൽ ഇരുരാജ്യങ്ങളുടെയും ടീമുകൾ ഏറ്റുമുട്ടാറുണ്ട്. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനും തുടർന്നുണ്ടായ സൈനിക ഏറ്റുമുട്ടലിനും ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. തുടർന്ന് പാകിസ്താനുമായുള്ള ഉഭയകക്ഷി കായിക മത്സരങ്ങൾ വിലക്കിക്കൊണ്ടുള്ള നയം ഇന്ത്യൻ സർക്കാർ നടപ്പിലാക്കുകയും ചെയ്തിരുന്നു.
സാഹചര്യങ്ങൾ അനുയോജ്യമാകുമ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാൻ ക്രിക്കറ്റ് ഒരു വഴിയാകാമെന്ന് സിദ്ധു അഭിപ്രായപ്പെട്ടു. രാഷ്ട്രീയപരമായ തീരുമാനങ്ങൾ സർക്കാരാണ് എടുക്കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയത്തിന് കാര്യങ്ങൾ കൃത്യമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-പാകിസ്താൻ വിഷയത്തിന് പുറമേ, ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ വളർച്ചയെക്കുറിച്ചും ഐപിഎൽ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും സിദ്ദു സംസാരിച്ചു. മുമ്പ് അനുഭവസമ്പത്തിനായി ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് കളിക്കാൻ പോയിരുന്നെങ്കിൽ, ഇന്ന് ലോകത്തിലെ മുൻനിര താരങ്ങൾ ഇന്ത്യയിലെ ലീഗിൽ കളിക്കാൻ എത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മികച്ച അന്താരാഷ്ട്ര കളിക്കാരുമായും പരിശീലകരുമായും സമയം ചെലവഴിക്കുന്നത് യുവ ഇന്ത്യൻ താരങ്ങൾക്ക് വലിയ ആത്മവിശ്വാസവും അന്താരാഷ്ട്ര തലത്തിൽ തങ്ങളും ഉൾപ്പെടുന്നുവെന്ന ബോധ്യവും നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Navjot Singh Sidhu stated that India-Pakistan bilateral cricket depends entirely on government decisions., Bilateral series have been suspended since the 2012-13 season due to political and security tensions., Sidhu highlighted the massive growth of Indian cricket and the global impact of the IPL.