റെക്കോഡ് ഇന്നിങ്സിന് കിവീസിന്റെ മറുപടി, നിലയുറപ്പിച്ച് കോൺവേ; അവസാനദിനം ആര് കളംപിടിക്കും

വെല്ലിങ്ടൺ: വെല്ലിങ്ടൺ ടെസ്റ്റിൽ ഇന്ത്യക്കെതിരേ കിവീസിന്റെ രണ്ടാമിന്നിങ്സ് ബാറ്റിങ് പുരോഗമിക്കുന്നു. നാലാം ദിനം കളിയവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിലാണ് ന്യൂസീലൻഡ്. രചിൻ രവീന്ദ്രയും (27) അർധസെഞ്ചുറിയുമായി ഡെവോൺ കോൺവേയും (59) ക്രീസിലുണ്ട്. കിവീസ് 233 റൺസ് പിന്നിലാണ്. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 720 റൺസെന്ന നിലയിൽ ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. 352 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡാണ് ഇന്ത്യക്കുള്ളത്.
രണ്ടാമിന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ന്യൂസീലൻഡിന് രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ ടോം ലാഥത്തെ (0) നഷ്ടമായി. ജസ്പ്രിത് ബുംറയുടെ പന്തിൽ കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്തു. പിന്നാലെ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഹെന്റി നിക്കോൾസും കോൺവേയുമാണ് കിവീസിനായി രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. ഇരുവരും ചേർന്ന് ടീമിനെ അമ്പത് കടത്തി. സ്കോർ 60 ൽ നിൽക്കേ നിക്കോൾസിനെ മടക്കി പ്രസിദ്ധ് കൃഷ്ണ ന്യൂസീലൻഡിനെ പ്രതിരോധത്തിലാക്കി. 31 റൺസാണ് നിക്കോൾസിന്റെ സമ്പാദ്യം. ബാറ്ററുടെ തൊട്ടടുത്ത് ഷോർട്ട് ലെഗിൽ നിലയുറപ്പിച്ച ധ്രുവ് ജുറെൽ ഉഗ്രൻ ക്യാച്ചുമായി നിക്കോൾസിനെ മടക്കുകയായിരുന്നു.
മൂന്നാം വിക്കറ്റിൽ രചിൻ രവീന്ദ്രയുമായി ചേർന്നാണ് കോൺവേ കിവീസിനെ മുന്നോട്ടുനയിക്കുന്നത്. ഇന്ത്യൻ പേസർമാരെ ശ്രദ്ധയോടെ നേരിട്ട കോൺവേ ഫിഫ്റ്റിയും തികച്ചു. ടെസ്റ്റിലെ കോൺവേയുടെ 14-ാം അർധസെഞ്ചുറിയാണിത്. അതോടെ ടീം നൂറുകടന്നു. അവസാനദിനം ശേഷിക്കുന്ന വിക്കറ്റുകൾ വീഴ്ത്താനായാൽ ഇന്ത്യയ്ക്ക് ജയിക്കാം.
ആദ്യ ഇന്നിങ്സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 720 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ന്യൂസീലൻഡിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. ഒരു ടെസ്റ്റ് ഇന്നിങ്സിൽ ആദ്യ ഏഴ് വിക്കറ്റിലും അമ്പതിലധികം റൺസ് കൂട്ടുകെട്ട് നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഇന്ത്യ സ്വന്തമാക്കി.
നാലുവിക്കറ്റ് നഷ്ടത്തിൽ 486 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി നൈറ്റ് വാച്ച്മാൻ അൻഷുൾ കാംബോജും പന്തും ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. അതോടെ ഇന്ത്യൻ സ്കോർ 550 കടന്നു. 42 പന്തിൽ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 38 റൺസെടുത്ത കാംബോജിനെ ഒടുവിൽ ഗ്ലെൻ ഫിലിപ്സാണ് പുറത്താക്കിയത്. അഞ്ചാം വിക്കറ്റിൽ 68 റൺസ് കൂട്ടുകെട്ടുണ്ടാക്കിയാണ് സഖ്യം പിരിഞ്ഞത്.
കാംബോജ് പുറത്തായതിന് പിന്നാലെ ധ്രുവ് ജുറെലുമായും പന്ത് കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും കിവീസ് ബൗളർമാർക്ക് പിടികൊടുക്കാതെ ബാറ്റേന്തി. അതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിച്ചു. ബൗണ്ടറികളുമായി പന്ത് സ്കോറിങ്ങിന് വേഗം കൂട്ടി. പിന്നാലെ താരത്തിന്റെ സെഞ്ചുറിയുമെത്തി. ഗ്ലെൻ ഫിലിപ്സ് എറിഞ്ഞ 149-ാം ഓവറിൽ രണ്ട് സിക്സറാണ് പന്ത് നേടിയത്. ഒടുക്കം 128 റൺസെടുത്ത് പന്ത് പുറത്തായി. പത്ത് ഫോറും ആറ് സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
പിന്നീട് ധ്രുവ് ജുറെലിന്റെ ഊഴമായിരുന്നു. അർധസെഞ്ചുറിയോടെ ജുറെലും ഇന്ത്യയ്ക്ക് നിർണായക സംഭാവന നൽകി. അതോടെ ഇന്ത്യയുടെ ലീഡ് 300 കടന്നു. വാഷിങ്ടൺ സുന്ദർ (24), ആകാശ് ദീപ് (13) എന്നിവർക്ക് പിന്നാലെ ജുറെൽ 78 റൺസെടുത്ത് പുറത്തായതോടെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
ആദ്യ അഞ്ച് ബാറ്റർമാരിൽ നിന്ന് ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറികളും വന്നതോടെ തന്നെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കിയിരുന്നു. ന്യൂസീലൻഡ് ആദ്യ ഇന്നിങ്സിൽ 368 റൺസിന് പുറത്തായിരുന്നു.
Content Highlights: New Zealand vs India, 1st Test, India tour of New Zealand 2026