ഇന്ത്യ-ജപ്പാൻ ടി20 മത്സരം സെപ്റ്റംബർ 22 ന്, പ്രഖ്യാപിച്ച് ബിസിസിഐ

#സ്പോർട്സ് ഡെസ്ക്
ഇന്ത്യൻ ടീം  | Liam McBurney/PA via AP
ഇന്ത്യൻ ടീം | Liam McBurney/PA via AP

ന്യൂഡൽഹി: ഇന്ത്യയും ജപ്പാനും തമ്മിൽ ടി20 മത്സരത്തിന് കളമൊരുങ്ങുന്നു. ഇന്ത്യാ-ജപ്പാൻ നയതന്ത്രബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മത്സരം നടക്കുന്നത്. സെപ്റ്റംബർ 22 ന് സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് ബോർഡുകൾ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സുസുക്കി കപ്പ് എന്ന പേരിലാണ് മത്സരം നടക്കുക. 2036-ൽ ഒളിമ്പിക്സ്, പാരാലിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യം മുൻനിർത്തി, ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ഉച്ചകോടിയുടെ ഭാഗമായി "സ്പോർട്സ് 75" എന്ന പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണ് ഈ മത്സരം.

ജപ്പാനിൽ ക്രിക്കറ്റ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ബി.സി.സി.ഐ ജപ്പാൻ ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു. "ഇന്ത്യയും ജപ്പാനും തമ്മിലുള്ള ടി20 അന്താരാഷ്ട്ര മത്സരത്തിനായി ഇരു രാജ്യങ്ങളുടെയും പുരുഷ ടീമുകൾ ഒന്നിക്കുന്ന ഈ ചരിത്രപരമായ സംഗമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ബി.സി.സി.ഐ സന്തോഷത്തിലാണ്. ഇന്ത്യൻ ടീമിനെ പുതിയൊരു ഭൂപ്രദേശത്തേക്ക് എത്തിക്കുകയും ജപ്പാനിലും കിഴക്കേ ഏഷ്യയിലും ക്രിക്കറ്റ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ അവസരം നൽകുകയും ചെയ്യുന്നതിനാൽ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നിമിഷമാണ്." - ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു.

നിലവിലെ ലോക ചാമ്പ്യന്മാരെ ജപ്പാനിലേക്ക് ക്ഷണിക്കാൻ കഴിയുന്നത് തങ്ങളുടെ അസോസിയേഷനെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണെന്ന് ജെ.സി.എ സി.ഇ.ഒ നവോക്കി മിയാജി വ്യക്തമാക്കി. ഈ ലക്ഷ്യത്തിനായി ഞങ്ങളോടൊപ്പം പ്രവർത്തിച്ച ബി.സി.സി.ഐയോട് ഞങ്ങൾ നന്ദി പറയുന്നു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. - അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: India and Japan men's cricket teams to play a historic T20I match named the Suzuki Cup., Match scheduled for Tuesday, 22nd September 2026