ബംഗ്ലാദേശ് പുറത്താക്കിയതല്ല, സ്വയം പടിയിറങ്ങിയത്, രാജ്യം കഴിഞ്ഞേ ബിപിഎൽ ഉള്ളൂ എന്ന് മറുപടി

ധാക്ക: ബംഗ്ലാദേശ് പ്രീമിയർ ലീഗിൽനിന്ന് (ബിപിഎൽ) ഇന്ത്യൻ അവതാരക റിധിമ പഥകിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പുറത്താക്കിയെന്ന് റിപ്പോർട്ടുകൾ. ഇതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ വഷളായി. അതേസമയം ഇന്ത്യൻ സ്‌പോർട്‌സ് ബ്രോഡ്കാസ്റ്റിങ്ങിലെ പ്രമുഖ വ്യക്തിത്വമായ പഥക് ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് ബംഗ്ലാദേശ് ടി20 ലീഗിൽനിന്ന് സ്വമേധയാ പിന്മാറിയതാണെന്ന് അറിയിക്കുകയും ചെയ്തു.
താൻ ബിപിഎലിൽനിന്ന് പുറത്താക്കപ്പെട്ടു എന്നതരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും പിന്മാറണമെന്നത് വ്യക്തിപരമായെടുത്ത തീരുമാനമാണെന്നും പഥക് അറിയിച്ചു. സ്വന്തം രാജ്യമാണ് എപ്പോഴും ഒന്നാമത്. ഒരു നിയമനത്തെക്കാളും വലുതായി ക്രിക്കറ്റിനെ വിലമതിക്കുന്നു. സത്യസന്ധത, ബഹുമാനം, അഭിനിവേശം എന്നിവയോടെ ഈ കായികരംഗത്ത് സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും അത് തുടർന്നും നിലകൊള്ളുമെന്നും റിധിമ പഥക് അറിയിച്ചു.
ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽനിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർറഹ്‌മാനെ വിട്ടയച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കായികരംഗവുമായി ബന്ധപ്പെട്ട തർക്കം ഉടലെടുത്തത്. മുസ്താഫിസുറിനെ പുറത്താക്കിയ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച ബംഗ്ലാദേശ്, ഐപിഎൽ സംപ്രേക്ഷണം രാജ്യത്ത് നിരോധിക്കുകയും ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസിയോട് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ ഐസിസി ഈ ആവശ്യം നിരാകരിച്ചെന്നും കളിച്ചില്ലെങ്കിൽ പോയിന്റ് നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയതായും പറയപ്പെടുന്നു.
മുസ്താഫിസുറിനെ വിട്ടയക്കൽ സംബന്ധിച്ച് ഐപിഎൽ ഗവേണിങ് കൗൺസിലോ ബിസിസിഐയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ ചർച്ച നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ബിസിസിഐ മാനേജ്‌മെന്റിന്റെ ഏറ്റവും ഉയർന്ന തലത്തിൽനിന്നുള്ള തീരുമാനമാണ് ഇതെന്നും പറയപ്പെടുന്നു. അതേസമയം നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് ബംഗ്ലാദേശ് ദേശീയ ടീം ടൂർണമെന്റിനായി ഇന്ത്യയിലേക്ക് യാത്രചെയ്യില്ലെന്നാണ് ബിസിബി ഡയറക്ടർ ബോർഡിന്റെ തീരുമാനം.
Content Highlights: Ridhima Pathak's BPL Exit and Bangladesh's IPL Broadcast Ban