ഇന്ത്യ എയ്ക്ക് സൂപ്പർ ഓവറിൽ തോൽവി: നാടകീയത, ശ്രീലങ്കൻ താരവും വൈഭവും തമ്മിൽ കയ്യാങ്കളി

ദാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്ക എയ്‌ക്കെതിരെ നാടകീയതകൾ അരങ്ങേറിയ മത്സരത്തിൽ സൂപ്പർ ഓവറിൽ ഇന്ത്യ എയ്ക്ക് തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 49.2 ഓവറിൽ 265 റൺസിന് പുറത്തായി. സൂര്യാംശ് ഷെഡ്ഗെ 72 റൺസും വിപ്രജ് നിഗം 51 റൺസും നേടി ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തേകി.
സമരവിക്രമയുടെ 91 റൺസിന്റെ മികച്ച പ്രകടനത്തിലൂടെ ശ്രീലങ്ക എ വിജയത്തിലേക്ക് എത്തുമെന്ന് തോന്നിപ്പിച്ച മത്സരത്തിൽ, അർഷദ് ഖാൻ എറിഞ്ഞ അവസാന ഓവറാണ് മത്സരത്തെ സൂപ്പർ ഓവറിലേക്ക് എത്തിച്ചത്.
അർഷദ്, ആതിഥേയർക്ക് അഞ്ച് റൺസ് മാത്രം ആവശ്യമുള്ള അവസാന ഓവറിൽ നാല് റൺസ് മാത്രം വഴങ്ങി സമനിലയിൽ കുരുക്കി. അവസാന പന്തിൽ വിജയത്തിലേക്ക് വേണ്ടത് 2 റൺസ്. അർഷദ് എറിഞ്ഞ ലോ ഫുൾ ടോസ് നേരിട്ട ഗുണശേഖര, ഫ്‌ളിക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എങ്കിലും റൺസിനായി ഓടി. സിംഗിൾ പൂർത്തിയാക്കിയെങ്കിലും വിജയറൺ നേടാനായില്ല. പ്രഭ്സിമ്രൻ സിങ്ങിന്റെ ത്രോയിൽ ഗുണശേഖര റണ്ണൗട്ടായി.
ടൈ ആയ മത്സരത്തിന്റെ ഫലത്തെക്കുറിച്ച് ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. അമ്പയർമാർ വിശദമായ ചർച്ചകൾക്ക് നടത്തിയ ശേഷമാണ് മത്സരം സൂപ്പർ ഓവറിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. സൂപ്പർ ഓവറിൽ ശ്രീലങ്ക 16 റൺസെടുത്തപ്പോൾ ഇന്ത്യ അത് മറികടക്കുന്നതിൽ പരാജയപ്പെട്ടു. 9 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. പിന്നാലെ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരവും തമ്മിൽ കയ്യാങ്കളിയിലേക്ക് എത്തുന്നതടക്കമുള്ള നാടകീയതകളും അരങ്ങേറി.
നേരത്തെ മറുപടി ബാറ്റിങ്ങിന് ഇറങ്ങുംമുമ്പേ 10 റൺസ് ലഭിച്ചിരുന്നു. ബാറ്റർ വിപ്രജ് നിഗം പിച്ചിന് നടുവിലൂടെ ഓടിയതിന് രണ്ടുതവണകളായി പത്ത് റൺസാണ് ഇന്ത്യക്ക് പെനാൽറ്റി ലഭിച്ചത്.
സൂപ്പർ ഓവറിന് മുമ്പുതന്നെ നാടകീയത തുടങ്ങിയിരുന്നു. വെളിച്ചം കുറയുന്നത് കൊണ്ട് സൂപ്പർ ഓവർ നടത്തുന്നത് സംബന്ധിച്ച് അമ്പയർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. മത്സരം സമനിലയിൽ അവസാനിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. ഇന്ത്യ എ ക്യാപ്റ്റൻ തിലക് വർമ്മ ഉടൻ തന്നെ ഗ്രൗണ്ടിലെ അമ്പയർമാരെ സമീപിക്കുകയും സൂപ്പർ ഓവർ നടത്താൻ ശക്തമായി വാദിക്കുകയും ചെയ്തു. ചർച്ചകൾ നീണ്ടുപോയപ്പോൾ മറ്റു ഇന്ത്യൻ താരങ്ങളും സംഭാഷണത്തിൽ ചേർന്നു.
അവിടെയും വിവാദങ്ങൾ അവസാനിച്ചില്ല. ശ്രീലങ്ക എ അവരുടെ സൂപ്പർ ഓവർ പൂർത്തിയാക്കിയതിന് ശേഷം നോ ബോൾ വിളിച്ച അമ്പയർമാരുടെ തീരുമാനം തിലക് വർമയെ അതൃപ്തനാക്കി. ഓവറിലെ അവസാന പന്തിൽ അരക്കെട്ടിന് മുകളിലൂടെ എറിഞ്ഞ ഫുൾ ടോസ് ബോളാണ് വിവാദമായത്. അമ്പയർമാർ അതിനെ നോ-ബോൾ എന്ന് വിളിച്ചപ്പോൾ കളിക്കാർ ഇതിനോടകം മൈതാനം വിട്ട് തുടങ്ങിയിരുന്നു, വൈഭവ് സൂര്യവംശി ബാറ്റ് ചെയ്യാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു. തിലക് ഒരിക്കൽ കൂടി അമ്പയർമാരെ സമീപിച്ച് തീരുമാനത്തെക്കുറിച്ച് വ്യക്തത തേടി ഒരു നീണ്ട ചർച്ചയിൽ ഏർപ്പെട്ടു. പിന്നീട് ഒരു പന്ത് കൂടി എറിഞ്ഞു. ഈ കാലതാമസം ഇതിനകം തന്നെ സംഘർഷഭരിതമായ അന്തരീക്ഷം കൂടുതൽ വഷളാക്കി.
കളി അവസാനിച്ചതിന് ശേഷവും കാര്യങ്ങൾ വഷളായി. സൂപ്പർ ഓവറിൽ നേരിട്ട രണ്ട് പന്തുകളിൽ നിന്ന് അഞ്ച് റൺസ് മാത്രം നേടിയ ശേഷം സൂര്യവംശി നിരാശനായിരുന്നു. വിജയം ആഘോഷിക്കുന്ന ശ്രീലങ്കൻ കളിക്കാർക്കരികിലൂടെ നടന്നുപോകുമ്പോൾ,വാക്കുതർക്കത്തിനിടെ ഇന്ത്യൻ യുവതാരം പ്രകോപിതനായി. ഒരു ശ്രീലങ്കൻ താരത്തെ വൈഭവ് തള്ളുകയും ചെയ്തു. മറ്റു താരങ്ങളെത്തി രംഗം ശാന്തമാക്കുകയായിരുന്നു.
Content Highlights: India A posted 265 runs with Suryansh Shedge scoring 72., Arshad Khan forced a tie with a brilliant final over., Sri Lanka A won the match via a dramatic Super Over.