ജയത്തിന്റെ വക്കിൽ ശ്രീലങ്ക എ, പിന്നാലെ 4 പന്തുകൾക്കിടെ 3 വിക്കറ്റ്; നാടകീയ ജയം സ്വന്തമാക്കി ഇന്ത്യ എ

ദാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക എയ്‌ക്കെതിരേ ഇന്ത്യ എയ്ക്ക് നാടകീയ ജയം. തോൽവിയുടെ വക്കിൽ നിന്നാണ് അർഷാദ് ഖാൻ എറിഞ്ഞ 49-ാം ഓവറിലെ നാലു പന്തുകളിൽ ലങ്കയുടെ മൂന്നു വിക്കറ്റുകൾ പിഴുത് ഇന്ത്യ എട്ടു റൺസിന്റെ ജയം ആഘോഷിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 48.5 ഓവറിൽ 269 റൺസിന് ഓൾഔട്ടായി.
47 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 261 റൺസെന്ന മികച്ച നിലയിൽ നിന്നാണ് 48.5 ഓവറിൽ 269 റൺസിന് ലങ്ക ഓൾഔട്ടായത്. അർധ സെഞ്ചുറിയുമായി ലങ്കൻ പോരാട്ടം നയിച്ച ക്യാപ്റ്റൻ സഹൻ അരാച്ചിഗയെ 48-ാം ഓവറിലെ രണ്ടാം പന്തിൽ ബൗൾഡാക്കിയ അൻഷുൽ കാംബോജിന്റെ ബൗളിങ്ങാണ് അവസാന നിമിഷം മത്സരത്തിന്റെ ഗതിമാറ്റിയത്. 72 പന്തുകൾ നേരിട്ട സഹൻ രണ്ട് സിക്‌സും ആറ് ഫോറുമടക്കം 74 റൺസെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി.
പിന്നാലെ 49-ാം ഓവറിലെ രണ്ടാം പന്തിൽ വിയാസ്‌കാന്തിനെ അർഷാദ് വിക്കറ്റിനു മുന്നിൽ കുടുക്കി. മൂന്നാം പന്തിൽ വാനുജ സഹാൻ റണ്ണൗട്ട്, തുടർന്ന് അഞ്ചാം പന്തിൽ മുഹമ്മദ് ഷിറാസിനെ വിപ്രജ് നിഗം ക്യാച്ചെടുക്കുകയും ചെയ്തതോടെ ലങ്കൻ ഇന്നിങ്‌സിന് അവസാനമായി. ഇന്ത്യയ്ക്ക് എട്ടു റൺസിന്റെ ആവേശ ജയവും.
ഇന്ത്യ ഉയർത്തിയ 278 റൺസ് വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമാണ് ലങ്കയ്ക്ക് ലഭിച്ചത്. നിരോഷൻ ഡിക്‌വെല്ലയും (45 പന്തിൽ 47), അവിഷ്‌ക ഫെരാൻഡോയും (59 പന്തിൽ 45) ഓപ്പണിങ് വിക്കറ്റിൽ 93 റൺസ് ചേർത്തു. എന്നാൽ പിന്നീട് ഇരുവരെയും എട്ടു റൺസെടുത്ത നുവാനിദു ഫെരാൻഡോയേയും ലങ്കയ്ക്ക് ചെറിയ ഇടവേളകളിൽ നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച സദീര സമരവിക്രമ - സഹൻ അരാച്ചിഗെ സഖ്യം 74 പന്തിൽ നിന്ന് 78 റൺസ് ചേർത്തതോടെ മത്സരം ലങ്കയ്ക്ക് അനുകൂലമായി. സദീര, രവിന്ദു ഫെരാൻഡോ (1), ചമിക കരുണരത്‌നെ (9) എന്നിവരെ നഷ്ടമായ ലങ്ക 44 ഓവറിൽ ആറിന് 237 റൺസെന്ന നിലയിലായിരുന്നു. ക്യാപ്റ്റൻ സഹൻ അരാച്ചിഗെ ക്രീസിലുള്ളതായിരുന്നു ലങ്കയുടെ പ്രതീക്ഷ. 16 പന്തിൽ നിന്ന് 23 റൺസെടുത്ത വാനുജ സഹൻ, ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകിയതോടെ ലങ്ക വിജയത്തിന് അടുത്തെത്തിയതായിരുന്നു. പിന്നീടാണ് അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ മത്സരത്തിന്റെ ചിത്രം തന്നെ മാറ്റിക്കളഞ്ഞത്.
ഇന്ത്യയ്ക്കായി അർഷാദ് ഖാൻ, അനുകുൽ റോയ്, ആയുഷ് ബധോനി, വിപ്രജ് നിഗം എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ ഋതുരാജ് ഗെയ്കവാദിന്റെ (114 പന്തിൽ 101) സെഞ്ചുറിയുടെയും ക്യാപ്റ്റൻ തിലക് വർമയുടെ (97 പന്തിൽ 60) അർധസെഞ്ചുറിയുടെയും കരുത്തിലാണ് 277 റൺസിലെത്തിയത്. ഐപിഎല്ലിൽ തകർത്തടിച്ച വൈഭവ് സൂര്യവംശിക്ക് 12 പന്തിൽ 14 റൺസെടുക്കാനേ സാധിച്ചുള്ളൂ.
പ്രിയാൻഷ് ആര്യ (32 പന്തിൽ 32), ആയുഷ് ബധോനി (18 പന്തിൽ 24), സൂര്യാൻഷ് ഷെഡ്‌ഗെ (14 പന്തിൽ 26) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നൽകി.
Content Highlights: India A won by 8 runs against Sri Lanka A in the tri-series opener., Ruturaj Gaikwad scored a crucial century (101 runs)., Arshad Khan took three wickets in the 49th over to seal the win., Sri Lanka A collapsed from 261/6 to 269 all out., Anshul Kamboj dismissed captain Sanoj's wicket of captain Sahan Arachchige was the turning point.