ത്രിരാഷ്ട്ര പരമ്പര: അഫ്ഗാനിസ്താനെ തകർത്ത് ഇന്ത്യ എ ഫൈനലിൽ

ഇന്ത്യ എ അഫ്ഗാനിസ്താന്‍ എ മത്സരത്തില്‍നിന്ന് |ഫോട്ടോ:PTI
ഇന്ത്യ എ അഫ്ഗാനിസ്താന്‍ എ മത്സരത്തില്‍നിന്ന് |ഫോട്ടോ:PTI

ദാംബുള്ള:ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ എ അഫ്ഗാനിസ്താൻ എയെ 101 റൺസിന് തകർത്തു. ജയത്തോടെ ഇന്ത്യ, പരമ്പരയുടെ ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ തിലക് വർമ, പ്രിയാൻഷ് ആര്യ, കുമാർ കുശാഗ്ര എന്നിവരുടെ അർധ സെഞ്ചുറികളുടെ പിൻബലത്തിൽ 319/9 എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ എയെ 36.5 ഓവറിൽ വെറും 218 റൺസിന് ഇന്ത്യൻ ബൗളർമാർ പുറത്താക്കി.

നിഷാന്ത് സിന്ധു 6.5 ഓവറിൽ 4/31 എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. പേസർ യാഷ് ഠാക്കൂർ 7 ഓവറിൽ 2/48 നേടി. അൻഷുൽ കാംബോജ്, വിപ്രജ് നിഗം, സൂര്യാംശ് ഷെഡ്ജ്, അനുകൂൾ റോയ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

അഫ്ഗാനിസ്താനുവേണ്ടി ബാഹിർ ഷാ (52 പന്തിൽ 57 റൺസ്) ഫൈസൽ ഷിനോസദ (46) എന്നിവർ ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും മറ്റുള്ളവർ വേഗം കീഴടങ്ങി. അവസാന രണ്ട് മത്സരത്തിലും തോറ്റ ഇന്ത്യക്ക് ഈ മത്സരത്തിലെ ജയത്തോടെ ഫൈനൽ പ്രവേശം ഉറപ്പിക്കാനായി. നെറ്റ് റൺറേറ്റിന്റെ പിൻബലത്തിൽക്കൂടിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം.

നേരത്തെ ടോസ് നേടി അഫ്ഗാൻ ബൗളിങ് തിരഞ്ഞെടുത്തപ്പോൾ, തിലക് (59), കുശാഗ്ര (58), ആര്യ (58) എന്നിവർ ഇന്ത്യൻ ഇന്നിങ്സിന് കരുത്തേകി. വൈഭവ് സൂര്യവംശിക്ക് 38 റൺസാണ് എടുക്കാനായത്. ആര്യയുമായി ചേർന്ന് ആദ്യ എട്ട് ഓവറിൽ 75 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യക്ക് മികച്ച തുടക്കം നൽകി.

Content Highlights: India A defeated Afghanistan A by 101 runs in Dambulla., Tilak Varma, Priyansh Arya, and Kumar Kushagra scored half-centuries