ബഹിഷ്കരണ ഭീഷണി മുഴക്കാൻമാത്രം പാകിസ്താൻ ഭയപ്പെടുന്നതെന്ത്?; അഭിമുഖത്തിൽ ഗുരുതര ആരോപണങ്ങൾ

കറാച്ചി: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖം വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. അഭിമുഖം പുറത്തുവരുന്നതിന് മുൻപ് തന്നെ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ നടപടികൾ സംശയമുണർത്തുന്നതാണ്. ലോർഡ്‌സ് ടെസ്റ്റിനിടെ അഭിമുഖം ടെലികാസ്റ്റ് ചെയ്യരുതെന്നും പുറത്തുവിട്ടാൽ ഇംഗ്ലണ്ടിനെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്നും പാക് ടീം ഭീഷണിപ്പെടുത്തിയതായാണ് വിവരം. എന്നാൽ ഈ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാതെ ബ്രോഡ്കാസ്റ്റരായ സ്‌കൈ സ്‌പോർട്‌സ് അഭിമുഖം ഷെഡ്യൂൾ പ്രകാരം തന്നെ പുറത്തുവിട്ടു. പാക് ടീമിന്റെ അപ്രതീക്ഷിത നടപടികൾ ക്രിക്കറ്റ് ലോകത്ത് വൻ ചർച്ചയാവുകയാണ്.
അഭിമുഖം പുറത്തുവരുന്നത് പാക് ക്രിക്കറ്റ് ടീം തടയുന്നതെന്തിനാണെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. മത്സരം ബഹിഷ്‌കരിക്കും എന്നതടക്കമുള്ള ഭീഷണി മുഴക്കുന്നതിന് പിന്നിലുള്ള കാരണമെന്താണെന്ന അന്വേഷണത്തിലാണ് പലരും. ക്രിക്കറ്റിനപ്പുറം രാഷ്ട്രീയമായും ഏറെ മാനങ്ങളുള്ള വിഷയമായതിനാലാണ് പിസിബി ഇത്തരമൊരു കർശനനിലപാട് സ്വീകരിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇമ്രാൻ ഖാന്റെ ജയിൽവാസം, നിലവിലെ ആരോഗ്യസ്ഥിതി തുടങ്ങിയ നിർണായകമായ വിവരങ്ങൾ പുറത്തുവരാനുള്ള സാധ്യതയും മുന്നിൽ കണ്ടുകൊണ്ടാണ് നടപടി. അതായത് അഭിമുഖത്തിലെ പരാമർശങ്ങൾ ടെസ്റ്റിനിടെ വിവാദങ്ങൾക്ക് ഇടനൽകിയേക്കാമെന്നും പിസിബി കരുതുന്നു.
ലോർഡ്‌സ് ടെസ്റ്റിൽ ടീമുകൾ ഉച്ചഭക്ഷണത്തിനായി പിരിയുന്ന വേളയിൽ അഭിമുഖം പുറത്തിറക്കുന്നതാണ് പാക് ബോർഡ് എതിർത്തത്. ഇമ്രാൻ ഖാന്റെ മക്കളെ മുൻ ഇംഗ്ലണ്ട് താരം മൈക്കൽ അതർട്ടണാണ് അഭിമുഖം ചെയ്തത്. അഭിമുഖം പുറത്തിറക്കരുതെന്ന കർശന നിലപാടുമായി പാകിസ്താൻ രംഗത്തെത്തി. അഭിമുഖം പുറത്തിറക്കിയാൽ മത്സരം ബഹിഷ്‌കരിക്കുമെന്നും പിസിബി അറിയിച്ചു. താരങ്ങളോട് മൈതാനത്ത് ഇറങ്ങേണ്ടതില്ലെന്ന നിലപാട് ബോർഡ് അറിയിച്ചതായാണ് വിവരം. അതേസമയം വിഷയത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇടപെടുകയും മത്സരം പുനരാരംഭിക്കുകയും ചെയ്തു.
Complete interview of Former PM Imran Khan’s sons Sulaiman Khan and @Kasim_Khan_1999 with @Athersmike today on Sky Sports.
They spoke about Imran Khan’s arbitrary torturous solitary confinement, lack of family meetings, his deteriorating health, and more.… pic.twitter.com/EQEfTfWHXb— PTI UK (@UKPTIOfficial) August 27, 2026
എന്നാൽ അഭിമുഖത്തിൽ ഇമ്രാൻ ഖാന്റെ മക്കളായ കാസിമും സുലൈമാനും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ജയിലിൽവെച്ച് ഇമ്രാൻ ഖാനെ കൊല്ലാനാണ് ശ്രമിക്കുന്നതെന്നും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും അവർ പറയുന്നു. അവർ അവിടെ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമല്ല, അദ്ദേഹത്തെ അവിടെ വെച്ച് കൊല്ലാൻ ശ്രമിക്കുകയാണ്. അദ്ദേഹത്തെ കഴിയുന്നത്ര കാലം അകത്ത് കിടത്തുക, അദ്ദേഹത്തെ നിശബ്ദനാക്കുക. അദ്ദേഹം ഞങ്ങളുടെ അമ്മായിമാരോടും മറ്റുള്ളവരോടും അവസാനമായി സംസാരിച്ചപ്പോൾ, സാഹചര്യങ്ങൾ വഷളായതായാണ് പറഞ്ഞത്. ജയിലിൽ കൊല്ലപ്പെട്ടതോ മരിച്ചതോ ആയ മറ്റ് രാഷ്ട്രീയ തടവുകാരെക്കുറിച്ചാണ് സംസാരിച്ചത്. ഇപ്പോൾ, സ്ഥിതി എന്നത്തേക്കാളും മോശമാണ്. ഒരു ദിവസം 23 മണിക്കൂറിലധികം ഒരു സെല്ലിൽ പൂർണമായും ഒറ്റപ്പെടുത്തിയിരിക്കുന്നു."-കാസിം അഭിമുഖത്തിൽ പറഞ്ഞു.
"ഇപ്പോൾ കൃത്യമായ ചികിത്സ ലഭിക്കേണ്ടത് വളരെ നിർണായകമാണ്. കണ്ണിന്റെ പ്രശ്നത്തിന് അദ്ദേഹം ഒരു ഐ പാച്ച് ധരിച്ചിരുന്നു. ഇപ്പോൾ കടുത്ത മാനസിക സമ്മർദ്ദമുള്ളയാളായാണ് കാണുന്നത്. തോക്കിൻമുനയിൽ നിൽക്കേണ്ടി വന്നപ്പോഴും ഞാൻ കണ്ടിട്ടുള്ളപ്പോഴെല്ലാം വളരെ ശാന്തനായിരുന്നു അദ്ദേഹം. മുൻപ് ഞങ്ങൾ സഞ്ചരിച്ചിരുന്ന കാർ കൊള്ളയടിക്കപ്പെട്ട ഘട്ടത്തിൽ പോലും കൂട്ടത്തിൽ ഏറ്റവും ശാന്തനായിരുന്നത് അദ്ദേഹമായിരുന്നു."- കാസിം കൂട്ടിച്ചേർത്തു.
ഇമ്രാൻ ഖാന്റെ ചികിത്സയെ സംബന്ധിച്ച് മറ്റൊരു മകനായ സുലൈമാൻ തന്റെ ആശങ്ക പ്രകടിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം, കുറച്ച് മണിക്കൂർ സർക്കാർ മെഡിക്കൽ ഫെസിലിറ്റിയിലേക്കാണ് കൊണ്ടുപോയത്. തുടർന്ന് നേരെ ജയിലിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഞങ്ങൾ ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു."-സുലൈമാൻ പറഞ്ഞു.
"യഥാർത്ഥത്തിൽ, സർക്കാർ ഉദ്യോഗസ്ഥർ ഒരു മണിക്കൂർ പരിശോധന മാത്രമാണ് നടത്തിയത്. കുഴപ്പമില്ലെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും അവർ പറഞ്ഞു. പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും പറഞ്ഞു. എന്നാൽ അതൊന്നും ചെയ്യാതെ, അവർ അദ്ദേഹത്തെ നേരെ ജയിലിലേക്ക് തിരിച്ചയക്കുകയാണ് ചെയ്തത്."-സുലൈമാൻ അഭിമുഖത്തിൽ പറയുന്നു.
Content Highlights: Pakistan cricket team threatened to boycott the Lord's Test if Sky Sports aired the interview of Imran Khan's sons., Sky Sports ignored the threat and broadcasted the interview as scheduled., Imran Khan's sons, Kasim and Sulaiman, alleged lack of medical treatment and threats to his life in prison