ഇന്ത്യ-പാക് T20 ലോകകപ്പ് പോരാട്ടവേദി, 34,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് ഐസിസി

ന്യൂയോര്‍ക്ക്: വെസ്റ്റിന്‍ഡീസിലും യുഎസ്എയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ - പാകിസ്താന്‍ പോരാട്ടത്തിന് വേദിയാകുന്ന സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്ത് ഐസിസി. ന്യൂയോര്‍ക്കിലെ നാസ്സു കൗണ്ടി രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയമാണ് ഐസിസി ബുധനാഴ്ച ഉദ്ഘാടനം ചെയ്തത്. ജൂണ്‍ ഒമ്പതിനാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ - പാക് പോരാട്ടം.
സ്‌റ്റേഡിയത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കാനുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ പണികളെല്ലാം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഐസിസി ചീഫ് എക്‌സിക്യുട്ടീവ് ജെഫ് അലാര്‍ഡിസാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 34,000 കാണികളെ ഉള്‍ക്കൊള്ളുന്നതാണ് സ്റ്റേഡിയം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെയും ലണ്ടനിലെ ടോട്ടനം ഹോട്സ്പര്‍ സ്റ്റേഡിയത്തിന്റെയും ഡിസൈന്‍ ടീമായ പോപ്പുലസാണ് ഈ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിലും പങ്കാളികളായിട്ടുള്ളത്.
ജൂണ്‍ രണ്ടിന് നടക്കുന്ന യുഎസ്എ - കാനഡ പോരാട്ടമാണ് ഈ സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്ന ആദ്യമത്സരം. ലോകകപ്പിലെ എട്ട് മത്സരങ്ങള്‍ ഇവിടെ നടക്കും.
ഡ്രോപ്പ് ഇന്‍ പിച്ചായിരിക്കും നാസ്സു കൗണ്ടി രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഉപയോഗിക്കുക. ക്രിക്കറ്റിനെ കൂടാതെ മറ്റ് കായിക ഇനങ്ങള്‍ക്കും വേദിയാകുന്ന സ്‌റ്റേഡിയങ്ങളില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി സാധാരണ നേരത്തേ തയ്യാറാക്കിവെച്ച പിച്ച് മൈതാനത്ത് സ്ഥാപിക്കാറുണ്ട്. ഇതാണ് ഡ്രോപ്പ് ഇന്‍ പിച്ച് എന്നറിയപ്പെടുന്നത്. സാധാരണ ഇത്തരം ഡ്രോപ്പ് ഇന്‍ പിച്ചുകള്‍ ബാറ്റിങ്ങിനെ തുണയ്ക്കുന്നതായിരിക്കും. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഓവലും ന്യൂസീലന്‍ഡിലെ ഈഡന്‍ പാര്‍ക്കും ഡ്രോപ്പ്-ഇന്‍ വിക്കറ്റുകള്‍ ഉപയോഗിക്കുന്ന പ്രശസ്തമായ ഗ്രൗണ്ടുകളാണ്. നാസ്സു കൗണ്ടി സ്‌റ്റേഡിയത്തിലേക്കുള്ള ഡ്രോപ്പ് ഇന്‍ പിച്ച് ഫ്‌ളോറിഡയിലാകും ക്യുറേറ്റ് ചെയ്യുക. പിന്നീട് മേയ് ആദ്യവാരത്തോടെ പിച്ച് സ്റ്റേഡിയത്തില്‍ സ്ഥാപിക്കും.
Content Highlights: icc unveils new stadium in new york set to host icc t20 world cup 2024 matches