റെക്കോഡ് പ്രകടനം, ജൂലായ് മാസത്തിലെ ഐസിസിയുടെ മികച്ച താരമായി ഗിൽ

ന്യൂഡല്‍ഹി: ജൂലായ് മാസത്തിലെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇന്ത്യയുടെ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗിൽ. അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. ഇത് നാലാം തവണയാണ് ഗില്‍ ഐസിസിയുടെ പ്ലയര്‍ ഓഫ് ദ മന്ത് നേട്ടത്തിന് അര്‍ഹനാകുന്നത്.
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്, ദക്ഷിണാഫ്രിക്കന്‍ താരം താരം വിയാന്‍ മുള്‍ഡര്‍ എന്നിവരെ മറികടന്നാണ് ഗില്‍ പുരസ്‌കാരം നേടിയത്. ജൂലായ് മാസത്തില്‍ മൂന്ന് ടെസ്റ്റുകളില്‍ നിന്നായി 567 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 94.50 ആണ് ശരാശരി. രണ്ട് സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയും താരം നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മികച്ച ഇന്ത്യന്‍ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഗില്ലായിരുന്നു. അഞ്ചു ടെസ്റ്റിലെ 10 ഇന്നിങ്‌സുകളില്‍ നിന്നായി 75.40 ശരാശരിയില്‍ 754 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. നാല് സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയും ആ ബാറ്റില്‍ നിന്ന് പിറന്നു.
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡ് ഗില്‍ സ്വന്തമാക്കിയിരുന്നു. സുനില്‍ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978-79 ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗാവസ്‌കര്‍ 732 റണ്‍സാണ് അടിച്ചെടുത്തത്. ഈ റെക്കോഡാണ് ഗില്‍ മറികടന്നത്.
ക്യാപ്റ്റനായുള്ള അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയില്‍ നാല് സെഞ്ചുറി നേടി ഇന്ത്യന്‍ നായകന്‍ പുതിയ റെക്കോഡിട്ടിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് ഗിൽ. നായകനായ ആദ്യ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ചുറി നേടിയ ഡോണ്‍ ബ്രാഡ്മാന്‍, വിരാട് കോലി, ഗ്രേഗ് ചാപ്പല്‍, വാര്‍വിക്ക് ആംസ്ട്രോങ്, സ്റ്റീവന്‍ സ്മിത്ത് എന്നിവരെ നാലാം ടെസ്റ്റിലെ രണ്ടാമിന്നിങ്സില്‍ നേടിയ സെഞ്ചുറിയോടെ തന്നെ ഗില്‍ മറികടന്നിരുന്നു.ഒരു പരമ്പരയില്‍ നാല് സെഞ്ചുറി നേടുന്ന ക്യാപ്റ്റന്‍ എന്ന ബ്രാഡ്മാന്റെയും ഗാവസ്‌ക്കറുടെയും റെക്കോഡിനൊപ്പവും ഗില്‍ എത്തിയിരുന്നു.
Content Highlights: icc player of the month july shubman gill