രണ്ട് വർഷം മുൻപ് എറിഞ്ഞ ആ ഒരൊറ്റ പന്തിലാണ് റാണ ഇപ്പോഴും ടീമിൽ കളിക്കുന്നത് - അശ്വിൻ

ന്യൂഡല്‍ഹി: അടുത്തിടെയാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത്തിന് പകരം ശുഭ്മാൻ ഗില്ലാണ് ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കുന്നത്. കോലിയും ശ്രേയസ്സ് അയ്യരും ടീമില്‍ ഇടംപിടിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണിനെ ഏകദിന ടീമിലെടുത്തില്ല. അതേസമയം പേസര്‍ ഹര്‍ഷിത് റാണ ഏകദിന, ടി20 ടീമുകളില്‍ ഇടംപിടിച്ചതിനെ പലരും വിമര്‍ശിച്ചു. റാണയെ സെലക്ടർമാർ ടീമിലെടുത്തതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹത്തിന് ഓസ്ട്രേലിയയിൽ ബാറ്റുചെയ്യാൻ കഴിയുമെന്ന് ആരോ വിശ്വസിക്കുന്നുണ്ടെന്നും മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ പറഞ്ഞു.
എന്തിനാണ് അവർ ഹർഷിത് റാണയെ ടീമിൽ തിരഞ്ഞെടുത്തത് എന്നറിയില്ല. അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയതിന് പിന്നിലെ കാരണം അറിയാൻ സെലക്ഷൻ മീറ്റിങ്ങിൽ പങ്കെടുക്കണമെന്നുണ്ട്. ഓസ്‌ട്രേലിയയിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു ഫാസ്റ്റ് ബൗളറെ ആവശ്യമുണ്ട്. അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ കഴിയുമെന്ന് ആരോ വിശ്വസിക്കുന്നു. അതുകൊണ്ടാണ് അവനെ ഒരു എട്ടാം നമ്പർ ബാറ്റ്സ്മാനായി തിരഞ്ഞെടുക്കുന്നത്. - അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
റാണയുടെ ബാറ്റിങ്ങിനെ കുറിച്ച് അത്ര ഉറപ്പില്ലെന്നും രണ്ട് വർഷം മുൻപ് നിതീഷ് കുമാർ റെഡ്ഡിയ പുറത്താക്കിയ പന്താണ് ഇപ്പോഴും താരത്തെ ടീമിൽ നിർത്തുന്നതെന്നും അശ്വിൻ പറഞ്ഞു. രണ്ട് വർഷം മുൻപ് ഐപിഎൽ ഫൈനലിൽ അവൻ അതിവേഗതയുള്ള ഒരു മികച്ച പന്ത് എറിഞ്ഞിരുന്നു. ആ ഒരൊറ്റ പന്തിൻ്റെ പേരിലാണ് അവൻ കുറച്ചുകാലമായി കളിക്കുന്നത്. - അശ്വിൻ പറഞ്ഞു.
അതേസമയം ബൗളിങ്ങിൽ താരത്തിന് കഴിവുണ്ടെന്നും അശ്വിൻ പ്രതികരിച്ചു. ഒരു കളിക്കാരനിൽ എന്തെങ്കിലും പ്രത്യേകത കാണുകയും താരത്തിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഇന്ന് എല്ലാവരും രവീന്ദ്ര ജഡേജയെ ഒരു മികച്ച കളിക്കാരനായി വാഴ്ത്തുന്നു. എന്നാൽ എന്തിനാണ് രവീന്ദ്ര ജഡേജയെ ടീമിലെടുക്കുന്നത് എന്ന് ചിലർ ചോദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞാൻ 540 വിക്കറ്റുകൾ നേടിയിട്ടുണ്ട്, എന്നിട്ടും എന്തിനാണ് എന്നെ ടീമിലെടുക്കുന്നത് എന്ന് ചോദിച്ച ആളുകളുണ്ടായിരുന്നു.- അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാലത്ത് നടന്ന ടൂര്‍ണമെന്റുകളിലല്ലാം ഇന്ത്യന്‍ സ്‌ക്വാഡില്‍ ഹര്‍ഷിത് റാണ ഉള്‍പ്പെട്ടിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിലും ഇക്കഴിഞ്ഞ ഏഷ്യാകപ്പ് ടീമിലും ഹര്‍ഷിത് റാണ ഇടംപിടിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വരെ ഇന്ത്യന്‍ ടീമില്‍ റാണയെത്തി. മൂന്നുഫോര്‍മാറ്റുകളിലും ടീമില്‍ ഇടംപിടിക്കുന്ന താരം അത്ര മികച്ച പ്രകടനം പുലര്‍ത്താത്തതും വിമര്‍ശനങ്ങൾക്ക് ആക്കംകൂട്ടി.
Content Highlights: harshit rana selection ashwin response