'അന്ന് തന്ന ആ 400 രൂപയ്ക്ക്‌ ഒരുപാട് നന്ദി'; വൈറലായി ഹാര്‍ദിക് പാണ്ഡ്യയുടെ വീഡിയോ കോള്‍

ഹാര്‍ദിക് പാണ്ഡ്യ | Photo: instagram/ hardik pandya
ഹാര്‍ദിക് പാണ്ഡ്യ | Photo: instagram/ hardik pandya

ഏറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ ക്രിക്കറ്റില്‍ തന്റേതായ മേല്‍വിലാസമുണ്ടാക്കിയത്. ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയിരുന്ന ഒരു കുട്ടിക്കാലം തനിക്കുണ്ടായിരുന്നെന്നും അതിലൊന്നും തളരാതെ കഠിനധ്വാനം ചെയ്താണ് ജീവിതത്തില്‍ വിജയിച്ചതെന്നും ഹാര്‍ദിക് നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്ത് തന്നോടൊപ്പമുണ്ടായിരുന്ന ഒരു ലോക്കല്‍ ക്രിക്കറ്റ് സെലക്ടറെ പാണ്ഡ്യ വീഡിയോ കോള്‍ ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

തന്റെ കരിയറിന്റെ തുടക്കകാലത്ത് 400 രൂപ മാച്ച് ഫീസ് നല്‍കിയ സെലക്ടറോട് ഹാര്‍ദിക് നന്ദി പറയുന്നതാണ് വീഡിയോ കോളിലുള്ളത്. കൗമാരകാലത്ത് ഗുജറാത്തിലെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെല്ലാം ഹാര്‍ദിക് കളിച്ചിരുന്നു. അന്ന് ഒരു മത്സരത്തിന് 400 രൂപ മുതല്‍ 500 രൂപ വരെയാണ് ലഭിക്കുക. ആ പണം തനിക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ടെന്ന് ഹാര്‍ദിക് പിന്നീട് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

2015-ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ഹാര്‍ദിക് പാണ്ഡ്യ ഒരു മാസത്തിനുള്ളില്‍തന്നെ ഇന്ത്യന്‍ ടീമിലെത്തുകയും ചെയ്തു. നിലവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്കായി കളിക്കുന്ന ഹാര്‍ദിക് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തിരുന്നു. ഒരു ഓവറില്‍ 28 റണ്‍സാണ് അടിച്ചെടുത്തത്. ആകെ 23 പന്തുകളില്‍ 47 റണ്‍സും നേടി. രണ്ട് വിക്കറ്റും ഹാര്‍ദിക് നേടി.
 

Content Highlights: hardik pandya thanks tennis ball selector for rs 400 fee in viral video