ഹാർദിക്കിന്റെ നായകസ്ഥാനം തെറിച്ചേക്കും; നിർണായക നീക്കത്തിന് മുംബൈ, റിപ്പോർട്ട്

മുംബൈ: മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തുനിന്ന് ഹാർദിക് പാണ്ഡ്യയെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഐപിഎല്ലിലിലെ ടീമിന്റെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് മാനേജ്‌മെന്റിന്റെ തീരുമാനം. അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സീസണിൽ നിരാശപ്പെടുത്തുന്നതായിരുന്നു മുംബൈയുടെ പ്രകടനം. പ്ലേ ഓഫിലെത്താതെ ടീം പുറത്താവുകയും ചെയ്തു.
ഹാർദിക് നായകസ്ഥാനത്ത് തുടരുന്നതിൽ മാനേജ്‌മെന്റിന് താത്പര്യമില്ലെന്നും സീസണിലുടനീളം ഇതിന്റെ സൂചനകളുണ്ടായിരുന്നതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ടീം ക്യാമ്പിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതായാണ് വിവരം. മാത്രമല്ല, താരങ്ങൾ കോച്ചിങ് സ്റ്റാഫുകളുടെ നിർദേശം പാലിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. മുതിർന്ന താരങ്ങൾക്കടക്കം നിർദേശങ്ങൾ നൽകിയിട്ടും അത് കൃത്യമായി പിന്തുടരാൻ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
നായകസ്ഥാനത്തിന് പുറമേ ഹാർദിക്കിന്റെ ആദ്യ പതിനൊന്നിലെ സ്ഥാനം തന്നെ ഭീഷണിയിലാണെന്നും റിപ്പോർട്ടുകളുണ്ട്. വരും ദിവസങ്ങളിൽ നിർണായക ചർച്ചകൾ നടന്നേക്കും. ഹാർദിക്കിന്റേതുൾപ്പെടെ താരങ്ങളുടെ പ്രകടനമെല്ലാം വിലയിരുത്തും. ടീമിൽ അഴിച്ചുപണിക്കുള്ള സാധ്യതയുമുണ്ട്.
സീസണിൽ ഹാർദിക്കിന്റെ പ്രകടനവും ദയനീയമായിരുന്നു. എട്ട് ഇന്നിങ്സുകളിൽ നിന്ന് ആകെ 146 റൺസാണ് ഹാർദിക്കിന്റെ സമ്പാദ്യം. മൂന്ന് വിക്കറ്റുകൾ മാത്രമാണ് നേടാനായത്. മുംബൈയാകട്ടെ ഒൻപതാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. 14 മത്സരങ്ങളിൽനിന്ന് നാല് ജയം മാത്രമാണ് ടീമിന് നേടാനായത്. എട്ടുപോയന്റ് മാത്രമാണ് സ്വന്തമാക്കിയിരുന്നത്. ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിൽ നായകൻ ഹാർദിക് പാണ്ഡ്യക്കെതിരേ വൻ വിമർശനങ്ങളുയർന്നിരുന്നു.
Content Highlights: Hardik Pandya faces potential removal from Mumbai Indians captaincy., Poor team performance led to a 9th place finish in the recent season., Internal reports suggest friction between players and coaching staff., Hardik Pandya's position in the playing eleven is under review., Management is planning a major team overhaul for the upcoming season.