മുംബൈയുടെ ദയനീയപ്രകടനത്തിനുപിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റാക്കി ഹാർദിക്, പിന്നെ തിരികെയെത്തി

#സ്പോർട്സ് ഡെസ്ക്
ഹാർദിക് പാണ്ഡ്യ | ഫോട്ടോ - പി.ടി.ഐ.
ഹാർദിക് പാണ്ഡ്യ | ഫോട്ടോ - പി.ടി.ഐ.

മുംബൈ: ഐപിഎല്ലിൽനിന്ന് ദയനീയമായി പുറത്തായതിന് പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ. ബുധനാഴ്ചയാണ് ഹാർദിക്കിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിലവിലില്ലെന്ന വിവരം പുറത്തുവരുന്നത്. സജീവമായി ഇൻസ്റ്റഗ്രാം ഉപയോഗിച്ചിരുന്ന ഹാർദിക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പിന്നാലെ രാത്രിയോടെ അക്കൗണ്ട് തിരികെയെത്തുകയും ചെയ്തു. 

ഐപിഎല്ലിൽ മുംബൈയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഹാർദിക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. ആരാധകർ അക്കൗണ്ട് നോക്കുമ്പോൾ യൂസർ നോട്ട് ഫൗണ്ട് എന്നായിരുന്നു കാണിച്ചിരുന്നത്. അക്കൗണ്ട് ഡിലീറ്റ് ചെയ്തതിന് പിന്നിലെ കാരണം വ്യക്തമല്ല. ഹാർദിക് മുംബൈ വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ വാർത്ത പുറത്തുവന്നത്. മുംബൈ ഇന്ത്യൻസ് പ്ലേഓഫ് കാണാതെ പുറത്തായ ഘട്ടത്തിലും ഹാർദിക് വിവാദത്തിലായിരുന്നു. ഇൻസ്റ്റഗ്രാമിൽ മുംബൈ ഇന്ത്യൻസിനെ താരം അൺഫോളോ ചെയ്തതാണ് വൻ ചർച്ചയ്ക്ക് വഴിവെച്ചത്.

ആർസിബിക്കെതിരായ തോൽവിക്ക് പിന്നാലെയാണ് മുംബൈ നായകൻ ഫ്രാഞ്ചൈസിയെ അൺഫോളോ ചെയ്തുവെന്ന് ആരാധകർ കണ്ടെത്തിയത്. ഹാർദിക്കിന്റെ ഫോളോയിങ് ലിസ്റ്റ് പരിശോധിച്ച ആരാധകർ മുംബൈ ഇന്ത്യൻസ് അക്കൂട്ടത്തിലില്ലെന്ന് കണ്ടെത്തി. നേരത്തേ മുംബൈ ഉൾപ്പെടെ 151 അക്കൗണ്ടുകളെ താരം ഫോളോ ചെയ്തിരുന്നു. ഇതിന്റെ സ്‌ക്രീൻഷോട്ടുകളടക്കം വ്യാപകമായി പ്രചരിച്ചു. അതേസമയം, കുറച്ചുസമയത്തിന് ശേഷം താരത്തിന്റെ ഫോളോയിങ് ലിസ്റ്റിൽ മുംബൈ തിരിച്ചെത്തി. എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

സീസണിൽ നിരാശപ്പെടുത്തുന്നതായിരുന്നു ഹാർദിക്കിന്റെ പ്രകടനം. എട്ട് ഇന്നിങ്സുകളിൽ നിന്ന് ആകെ 146 റൺസാണ് ഹാർദിക്കിന്റെ സമ്പാദ്യം. മൂന്ന് വിക്കറ്റുകൾ മാത്രമാണ് നേടാനായത്. മുംബൈ ഒൻപതാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. 14 മത്സരങ്ങളിൽനിന്ന് നാല് ജയം മാത്രമാണ് ടീമിന് നേടാനായത്. എട്ടുപോയന്റ് മാത്രമാണ് സ്വന്തമാക്കിയിരുന്നത്. ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിൽ നായകൻ ഹാർദിക് പാണ്ഡ്യക്കെതിരേ വൻ വിമർശനങ്ങളുയർന്നിരുന്നു.

Content Highlights: Hardik Pandya deleted his Instagram account immediately following the IPL season conclusion., Mumbai Indians finished in 9th place with only 4 wins out of 14 matches., Pandya faced heavy criticism for his poor individual performance of 146 runs and 3 wickets., Rumors of Pandya leaving Mumbai Indians have intensified following his social media activity.