മഹീക്കയ്ക്ക് കൊടുത്ത ഉറപ്പ്; പറന്നത് വൻ സിക്സർ, കൊണ്ടത് ക്യാമറാമാന്; ഓടിയെത്തി ഹാർദികിന്റെ ആലിംഗനം

അഹമ്മദാബാദ്: ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ മികവിലാണ് ഇന്ത്യ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം സ്വന്തമാക്കിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തം (3-1). 16 പന്തിൽ അർധസെഞ്ചുറി കുറിച്ച ഹാർദിക്, 25 പന്തിൽ 63 റൺസെടുത്ത് പുറത്തായി. ടി20-യിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ അർധ സെഞ്ചുറി കുറിച്ച രണ്ടാമത്തെ താരമാവാനും ഹാർദിക്കിന് കഴിഞ്ഞു.
അഞ്ചുവീതം സിക്‌സും ഫോറും ഹാർദികിന്റെ ഇന്നിങ്‌സിലുണ്ട്. സിക്‌സുകളിലൊന്ന് ചെന്നു കൊണ്ടത് ക്യാമറാമാന്റെ ഇടതുതോളിലാണ്. പിന്നാലെ ക്യാമറാമാന്റെ അടുത്തെത്തി തോൾ പരിശോധിക്കുകയും ഐസ് പാക്ക് വെച്ചുകൊടുക്കുകയും ചെയ്തു. ഇദ്ദേഹത്തെ ആലിംഗനം ചെയ്യാനും ഹാർദിക് തയ്യാറായി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ക്യാമറാമാനു മേൽ പന്തു തട്ടിയതോടെ കളി അല്പസമയം നിർത്തിവയ്‌ക്കേണ്ടിവന്നു. ഇദ്ദേഹത്തിന് വൈദ്യസഹായം ആവശ്യമായതിനെത്തുടർന്നാണ് കളി വൈകിയത്.
അതേസമയം, അർധസെഞ്ചുറി നേടിയ ഉടനെ കാമുകി മഹീക്ക ശർമയ്ക്ക് ഫ്‌ളൈയിങ് കിസ് നൽകുകയായിരുന്നു ഹാർദിക്. നേരിടുന്ന ആദ്യ പന്തുതന്നെ സിക്‌സറിന് പറത്തുമെന്ന് അവളോട് വാഗ്ദാനം ചെയ്തിരുന്നതായും ആ വാക്ക് പാലിക്കാനായെന്നും പിന്നീട് ഹാർദിക് വെളിപ്പെടുത്തിയിരുന്നു. മത്സരത്തിൽ ഹാർദിക്കിനാണ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം. മികച്ച പ്രകടനത്തോടെ, 2026 ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുമ്പോൾ സെലക്ടർമാർ പരിഗണിക്കുന്ന പേരുകളിൽ ഹാർദികുമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Content Highlights: Hardik Pandya's Sportsmanship Shines: All-Rounder Checks on Cameraman After Six