'ഇത്തരത്തിൽ പെരുമാറരുതെന്ന് ഇന്ത്യയുടെ യുവതാരങ്ങളെ ഉപദേശിക്കണം'- ഹർഭജൻ സിങ്ങിനോട് പാക് ആരാധകൻ

മുംബൈ: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങും പാകിസ്താൻ ആരാധകനും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അണ്ടർ 19 ഏഷ്യാ കപ്പ്, ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർ ടൂർണമെന്റുകൾക്കിടയിൽ യുവ ഇന്ത്യൻ-പാകിസ്താൻ കളിക്കാർ തമ്മിലുണ്ടായ സംഘർഷങ്ങളെക്കുറിച്ച് ആരാധകൻ പരാതിപ്പെടുന്നതാണ് വീഡിയോയിലുള്ളത്.
ഏത് കായിക ഇനത്തിലും അനാദരവിന്റെ അതിരുകൾ ലംഘിക്കരുതെന്ന് ചൂണ്ടിക്കാണിച്ച ആരാധകൻ, എതിരാളികളുമായി വഴക്കിടുന്നത് നിർത്താൻ ഇന്ത്യൻ താരങ്ങളെ ഉപദേശിക്കണമെന്ന് ഹർഭജനോട് ആവശ്യപ്പെട്ടു. 'മൈതാനത്ത് വഴക്കിടാതിരിക്കാൻ ഇന്ത്യൻ താരങ്ങളോട് പറയൂ. ഇത് ക്രിക്കറ്റാണ്. ഇത്രമാത്രമേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ' ആരാധകൻ ഹർഭജനോട് പറഞ്ഞു.
ഹർഭജൻ കളിച്ചിരുന്ന കാലത്തെ ഇന്ത്യ-പാക് കളിക്കാർ തമ്മിലുള്ള സൗഹൃദം ഓർമ്മിപ്പിച്ച ആരാധകൻ, യുവതലമുറയിലെ കളിക്കാർ പരസ്പരം വഴക്കിടുന്നത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും പറഞ്ഞു. 'നിങ്ങൾ പാകിസ്താനിൽ വരുമ്പോഴെല്ലാം ഞങ്ങൾ നിങ്ങളെ സ്നേഹത്തോടെയല്ലേ സ്വീകരിക്കുന്നത്? ഞങ്ങൾ ലോകമെമ്പാടും യാത്ര ചെയ്യുകയും സ്നേഹത്തോടെ ഒരുമിച്ച് കഴിയുകയും ചെയ്യുന്നു. മുതിർന്നവർക്ക് പരസ്പരം വലിയ സ്നേഹമുണ്ട്, എന്നാൽ ചെറിയ കുട്ടികൾ വഴക്കിടുന്നു. ദയവായി അവരോട് വഴക്കിടരുതെന്ന് പറയൂ'- അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് ഏറെ പക്വതയോടെയാണ് ഹർഭജൻ മറുപടി നൽകിയത്. അതിരുകൾ ലംഘിക്കരുതെന്ന് താൻ യുവതാരങ്ങളെ ഉപദേശിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 'വിനയത്തോടേയും പക്വതയോടേയും പെരുമാറണമെന്ന് ഞങ്ങൾ അവരോട് പറഞ്ഞിട്ടുണ്ട്'- ഹർഭജൻ മറുപടി നൽകി.
Content Highlights: A Pakistani fan complained to Harbhajan Singh about player clashes during the U19 Asia Cup and Asia Cup Rising Star tournaments., The fan urged Harbhajan to advise young Indian players to maintain respect and avoid on-field fights., Harbhajan handled the situation maturely, stating he always advises youngsters to stay humble and not cross the line., Tensions between India and Pakistan cricket teams have persisted following recent political and security issues.