ഗില്ലിന് ക്യാപ്റ്റൻസി വേണ്ടിയിരുന്നില്ല, രോഹിത്തിന് വലംകൈ നഷ്ടപ്പെട്ടതുപോലെ - കൈഫ്

രോഹിത് ശർമയും ശുഭ്മാൻ ​ഗില്ലും | Photo: ANI
രോഹിത് ശർമയും ശുഭ്മാൻ ​ഗില്ലും | Photo: ANI

മുംബൈ: ഏകദിന ക്രിക്കറ്റിലും തലമുറ മാറ്റത്തിന് വഴി തുറന്നാണ് ശുഭ്മൻ ഗില്ലിനെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചത്. രോഹിത് ശർമയ്ക്ക് പകരമാണ് ഗിൽ ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകസ്ഥാനത്തേക്കെത്തുന്നത്. കഴിഞ്ഞ മേയിൽ ടെസ്റ്റ്‌ ടീമിന്റെ ക്യാപ്‌റ്റനായി ഗിൽ നിയമിതനായിരുന്നു. ഇനി വരാനിരിക്കുന്ന ഏകദിന ടൂർണമെന്റുകളിലെല്ലാം ഗിൽ ഇന്ത്യയെ നയിക്കും. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. 2027 ലോകകപ്പ് വരെ രോഹിത് നായകനായി ഉണ്ടാകുമെന്നാണ് കരുതിയതെന്നും ഗില്ലിനെ സെലക്ടർമാർ സമ്മർദത്തിലാക്കിയെന്നും കൈഫ് പറഞ്ഞു.

ഇത് പ്രതീക്ഷിച്ചത് തന്നെയായിരുന്നു, പക്ഷെ 2027 ലോകകപ്പിന് ശേഷം ഇത് സംഭവിക്കുമെന്നാണ് ഞാൻ കരുതിയത്. അദ്ദേഹത്തിന് കഴിവുണ്ട്, മാത്രമല്ല ഫിറ്റ്നസിലും ശ്രദ്ധിച്ചിട്ടുണ്ട്. 2027 ലോകകപ്പ് കളിക്കാൻ മികച്ച സാധ്യതയുമുണ്ടായിരുന്നു. എന്നിരുന്നാലും, ഭാരം മുഴുവൻ ഗില്ലിന്റെ ചുമലിലാണ് വരുന്നത്. അവന് എല്ലാം തിടുക്കത്തിൽ ലഭിക്കുന്നു. ഇത് തിരിച്ചടിക്ക് കാരണമായേക്കാം.- കൈഫ് തൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

ഗില്ലിന് കൂടുതൽ ജോലിഭാരം നൽകരുതെന്നാണ് തന്റെ അഭിപ്രായമെന്നും കൈഫ് വ്യക്തമാക്കി. അവൻ ടെസ്റ്റിൽ ക്യാപ്റ്റനാണ്, നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നു. ഏഷ്യാ കപ്പിൽ അവന്‍ വൈസ് ക്യാപ്റ്റനായിരുന്നു. സൂര്യകുമാർ യാദവ് മാറുമ്പോൾ ആ സ്ഥാനം ഏറ്റെടുക്കും. ഇപ്പോൾ നിങ്ങൾ ഗില്ലിനെ ഏകദിന ക്യാപ്റ്റനുമാക്കി. എല്ലാം തിടുക്കത്തിലാണ് ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു. - കൈഫ് കൂട്ടിച്ചേർത്തു.

ഒരു കളിക്കാരനും ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെടാറില്ല. അവനത് വേണ്ടായിരുന്നു എന്ന് എല്ലാവർക്കും അറിയാം. അത് ആവശ്യപ്പെടാനും കഴിയില്ല. പക്ഷേ എല്ലാവർക്കും അവനെ വളരെ ഇഷ്ടമാണെന്ന് തോന്നുന്നു. ഭാവി ക്യാപ്റ്റനായി അവനെ കണക്കാക്കുന്നു. അജിത് അഗാർക്കർ ഉൾപ്പെടെയുള്ള സെലക്ടർമാർ അവനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. - കൈഫ് പറഞ്ഞു.

അതേസമയം രോഹിത് ശർമ്മ എന്ത് തെറ്റാണ് ചെയ്തതെന്നും രോഹിത്തിന് കീഴിൽ ഒരു നീണ്ട കാലം ടീമിനെ നയിക്കാൻ നമുക്ക് അവസരം ലഭിക്കാത്തത് വളരെ ദൗർഭാഗ്യകരമാണെന്നും കൈഫ് പ്രതികരിച്ചു. 4 വർഷം പോലും തികച്ചില്ല. ഒരു മികച്ച ബാറ്റർ, ഒരു ഉജ്വല നായകൻ. ഒരു ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന് ഇതിലും മികച്ച ക്യാപ്റ്റൻസി റെക്കോർഡ് നേടാമായിരുന്നു. ക്യാപ്റ്റൻസി തട്ടിപ്പറിക്കുമ്പോൾ, ഒരു കളിക്കാരന് അവൻ്റെ വലംകൈ നഷ്ടപ്പെടുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.- കൈഫ് കൂട്ടിച്ചേർത്തു.

മൂന്ന് ഫോർമാറ്റുകളിലും ഒരു ക്യാപ്റ്റൻ എന്ന ലക്ഷ്യം മുൻനിർത്തിയാണ് ബിസിസിഐ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ടെസ്റ്റ് ടീം ക്യാപ്റ്റൻ ഗില്ലിന് ഏകദിന ടീമിന്റെ ചുമതലകൂടി ലഭിച്ചതോടെ ഇനി ട്വന്റി-20 ടീമിന് മാത്രമാണ് മറ്റൊരു ക്യാപ്റ്റനുള്ളത്. ടി-20 ടീമിൽ സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ഗിൽ അവിടെ വൈസ് ക്യാപ്റ്റനായതിനാൽ സ്വഭാവികമായും സൂര്യകുമാറിന്റെ പിൻഗാമിയാകും.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോളാണ് ഗിൽ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായത്. പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ മികച്ച പ്രകടനവും ബാറ്ററെന്ന നിലയിൽ ശോഭിച്ചതും ഗില്ലിന് ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം എളുപ്പമാക്കി. ചീഫ് സെലക്ടർ അജിത്ത് അഗാർക്കർ രോഹിത് ശർമയുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ക്യാപ്റ്റൻസി മാറ്റം പ്രഖ്യാപിച്ചത്. 2027 ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ വാർത്തെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗില്ലിനെ കൊണ്ടുവരുന്നതെന്ന് അഗാർക്കർ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: gill captaincy kaifs response