‘ഒരു എതിരാളിയും ചെറുതല്ല’, ഡ്രസ്സിങ് റൂമിൽ ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പുമായി ഗംഭീർ

വെല്ലിങ്ടൺ: കിവീസിനെതിരായ ടി20 പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പുമായി പരിശീലകൻ ഗൗതം ഗംഭീർ. വരാനിരിക്കുന്ന ലങ്കൻ പരമ്പരയ്ക്കായി നന്നായി തയ്യാറെടുക്കേണ്ടതുണ്ടെന്നും ഒരു എതിരാളിയെയും ചെറുതായി കാണാനാവില്ലെന്നും ഗംഭീർ പറഞ്ഞു. കിവീസിനെതിരായ മത്സരശേഷം ഡ്രസ്സിങ് റൂമിൽ വെച്ചാണ് ഗംഭീർ താരങ്ങളോട് ഇക്കാര്യം പറഞ്ഞത്. ഒരു ടീമായി ഒത്തൊരുമയോടെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും ഗംഭീർ വ്യക്തമാക്കി. കിവീസിനെതിരായ പരമ്പര സ്വന്തമാക്കിയെങ്കിലും അവസാന രണ്ട് മത്സരങ്ങൾ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
‘പരമ്പരയിലുടനീളം നിങ്ങളെല്ലാവരും നൽകിയ പരിശ്രമത്തിൽ നിങ്ങൾക്ക് അഭിമാനിക്കാം. ഒരു ദിവസത്തെ തയ്യാറെടുപ്പ് മാത്രം ലഭിക്കുകയും, ന്യൂസിലൻഡിനെപ്പോലെ ശക്തമായ ഒരു ടീമിനെ അവരുടെ സ്വന്തം നാട്ടിൽ നേരിടുകയും ചെയ്യുമ്പോൾ പരമ്പര വിജയിക്കുക എന്നത് വലിയൊരു നേട്ടമാണ്. നിങ്ങൾക്ക് ഇതിൽ തീർച്ചയായും അഭിമാനിക്കാം’, ഗംഭീർ കളിക്കാരോട് പറഞ്ഞു.
‘തലയുയർത്തി നിങ്ങൾക്ക് മടങ്ങാം. അവസാന രണ്ട് മത്സരങ്ങളും വിജയിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു, എന്നാൽ ചിലപ്പോൾ ഇങ്ങനെ സംഭവിക്കും. ഈ പര്യടനത്തിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി നിങ്ങൾ മികച്ച തുടക്കമാണ് നൽകിയിട്ടുള്ളത്. പരമ്പരയ്ക്ക് മുൻപ് ഞാൻ പറഞ്ഞു, മികച്ച തുടക്കം നൽകേണ്ട ഉത്തരവാദിത്തം നിങ്ങൾക്കുണ്ടെന്ന്. ഇപ്പോൾ, നിങ്ങൾ നിർത്തിയേടത്തുനിന്ന് മുന്നോട്ട് പോകേണ്ടത് ഏകദിന, ടെസ്റ്റ് ടീമുകളുടെ ഉത്തരവാദിത്തമാണ്.’- അദ്ദേഹം കൂട്ടിച്ചേർത്തു.
‘നമ്മൾ വേണ്ടത്ര ടി20 മത്സരങ്ങൾ കളിക്കുന്നില്ല. ഇപ്പോൾ നമുക്ക് ഒരു മാസം അവധിയുണ്ട്. അതിനാൽ, ശാരീരിക ക്ഷമത നിലനിർത്താനും ശ്രീലങ്കൻ പരമ്പരയ്ക്കായി നന്നായി തയ്യാറെടുക്കാനും ശ്രദ്ധിക്കുക. ഒരു എതിരാളിയെയും നമുക്ക് ചെറുതായി കാണാൻ കഴിയില്ല. ഒരു ടീമായി വളർന്നും, ചിന്തിച്ചും, കളിച്ചും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്’, ഗംഭീർ വ്യക്തമാക്കി. ഡിസംബർ 22 നാണ് ലങ്കയുമായുള്ള ടി20 പരമ്പര ആരംഭിക്കുന്നത്.
Content Highlights: Gautam Gambhir praised the team for winning the T20 series against New Zealand despite a short preparation time