ടെസ്റ്റ് പരമ്പര, ഇടവേള കുറവ്; പ്രധാന താരങ്ങൾക്ക് ഏകദിനത്തിൽ വിശ്രമം അനുവദിച്ചേക്കുമെന്ന് ഗംഭീർ

മുംബൈ: ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതിനായി ഇന്ത്യൻ ടീമിലെ ചില പ്രധാന ബാറ്റർമാർക്ക് ഏകദിനത്തിൽ നിന്ന് വിശ്രമം അനുവദിക്കുമെന്ന് പരിശീലകൻ ഗൗതം ഗംഭീർ. കുറഞ്ഞ സമയത്തിനുള്ളിൽ ഏകദിനത്തിൽ നിന്ന് ടെസ്റ്റിലേക്ക് മാറുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഗംഭീർ വ്യക്തമാക്കി. ഇന്ത്യയുടെ തിരക്കേറിയ ഷെഡ്യൂൾ കാരണം ടെസ്റ്റ് ക്രിക്കറ്റുമായി പൊരുത്തപ്പെടാൻ കളിക്കാർക്ക് കുറഞ്ഞ സമയം മാത്രമാണ് ലഭിക്കുന്നത്.
ടൗറംഗയിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിനുശേഷം വെറും മൂന്ന് ദിവസം കഴിഞ്ഞ്, നവംബർ 19-നാണ് വെല്ലിംഗ്ടണിൽ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. 12 മത്സരങ്ങളുള്ള ഈ പര്യടനം മൂന്ന് ഫോർമാറ്റുകളും ഉൾക്കൊള്ളുന്നതാണ്. അതിനാൽ, രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ തങ്ങളുടെ പ്രധാന കളിക്കാരുടെ ജോലിഭാരം കുറയ്ക്കാൻ സാധ്യതയുണ്ട്.
'പലപ്പോഴും ടെസ്റ്റ് മത്സരത്തിനായി തയ്യാറെടുക്കുമ്പോൾ, ഏകദിനം, ട്വന്റി 20 മത്സരങ്ങളിൽ നിന്ന് നിങ്ങളുടെ ബാറ്റർമാർക്ക് വിശ്രമം നൽകേണ്ടി വരും. കാരണം ട്വന്റി 20 യിൽ നിന്ന് ഏകദിന ക്രിക്കറ്റിലേക്ക് മാറുന്നത് എളുപ്പമാണ്. എന്നാൽ അതിൽ നിന്ന് ടെസ്റ്റിലേക്ക് മാറാൻ അത്ര എളുപ്പമല്ല'-ഗംഭീർ വ്യക്തമാക്കി.
ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി എന്നിവരെല്ലാം ടെസ്റ്റ് പരമ്പരയിൽ ഉൾപ്പെട്ടേക്കാം. 'നോക്കൂ, ഏതൊരു കോച്ചിനെ സംബന്ധിച്ചിടത്തോളം എല്ലാ മൂന്ന് ഫോർമാറ്റിലും എത്രത്തോളം കളിക്കാർ കളിക്കുന്നുവോ അത്രയും നല്ലതാണ്, കാരണം അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയുണ്ടാകേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ട്, കോച്ച് എത്രയൊക്കെ ആഗ്രഹിച്ചാലും, സെലക്ടർമാർ എത്രയൊക്കെ ആഗ്രഹിച്ചാലും, അവർ എന്ത് ചെയ്താലും, വരും കാലങ്ങളിൽ വളരെ കുറച്ച് മൂന്ന്-ഫോർമാറ്റ് കളിക്കാരെ മാത്രമേ നിങ്ങൾക്ക് ഉണ്ടാകൂ. കാരണം സ്പിൻ ബൗളർമാരായാലും പേസ് ബൗളർമാരായാലും നിങ്ങളുടെ കളിക്കാരെ നിങ്ങൾ മാറ്റി മാറ്റി പരീക്ഷിക്കേണ്ടി വരും.'-ഗംഭീർ കൂട്ടിച്ചേർത്തു.
ടെസ്റ്റ് ക്രിക്കറ്റാണ് ഇന്ത്യയുടെ മുൻഗണനയെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ഗംഭീർ, ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിലെ വിജയം തുടർന്നും വലിയ പ്രാധാന്യമർഹിക്കുമെന്നും പറഞ്ഞു. 'നിങ്ങൾ പുതിയ കളിക്കാരെ കൊണ്ടുവരുമ്പോൾ ടെസ്റ്റ് ക്രിക്കറ്റ് എത്രത്തോളം പ്രധാനമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്. കാരണം ടെസ്റ്റ് ക്രിക്കറ്റ് നന്നായി കളിക്കുന്ന ഒരു രാജ്യമാണ് ശക്തമായ ഒരു ക്രിക്കറ്റ് രാജ്യം എന്നതിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിനാൽ ടെസ്റ്റ് ക്രിക്കറ്റിന് തന്നെയാണ് എപ്പോഴും മുൻഗണന'-ഗംഭീർ ചൂണ്ടിക്കാട്ടി.
Content Highlights: Gautam Gambhir suggests resting key batters from white-ball cricket for Test preparation., Tight schedule features only three days between the final ODI and the first Test in Wellington., Test cricket remains India's primary priority according to the head coach., Decline in all-format players is expected due to necessary player rotation.