ഇങ്ങനെവേണം തീര്‍ക്കാന്‍; കോലിയുടെ പേരിലെ റെക്കോഡ് മറികടന്ന് ഹാര്‍ദിക്

ന്യൂഡല്‍ഹി: ഗ്വാളിയോറില്‍ ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് മറികടന്ന് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. കൂടുതല്‍ അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ സിക്‌സോടെ പൂര്‍ത്തിയാക്കിയതിന്റെ റെക്കോഡാണ് ഹാര്‍ദിക്കിന്റെ പേരില്‍ നിലനില്‍ക്കുന്നത്.
മത്സരത്തില്‍ ഹാര്‍ദിക് ബോളുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയിരുന്നു. ബൗളിങ്ങില്‍ നാലോവറില്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. തുടര്‍ന്ന് 128 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി 16 പന്തുകളില്‍ പുറത്താവാതെ 39 റണ്‍സും നേടി. രണ്ട് സിക്‌സും അഞ്ച് ഫോറും സഹിതമായിരുന്നു ഇത്. അവസാനം സിക്‌സറിടിച്ച് സ്‌റ്റൈലിഷായാണ് ഹാര്‍ദിക് കളി ജയിപ്പിച്ചത്. ഇതുവരെ അഞ്ച് ടി 20 മത്സരങ്ങളിലാണ് ഹാര്‍ദിക് സിക്‌സറടിച്ച് വിജയറണ്‍ കുറിച്ചത്. നാലുതവണ നേടിയ കോലിയുടെ റെക്കോഡ് മറികടന്നു.
നാലുവിക്കറ്റ് നേട്ടത്തോടെ ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ ഇന്ത്യക്കാരനാവാനും ഹാര്‍ദിക്കിന് കഴിഞ്ഞു. 87 വിക്കറ്റുകളാണ് സ്വന്തം പേരില്‍ ചേര്‍ത്തത്. അര്‍ഷ്ദീപ് സിങ്ങിന് 86 വിക്കറ്റ് ആണ്. 96 വിക്കറ്റുകളുമായി യുസ്‌വേന്ദ്ര ചാഹലാണ് ഇന്ത്യക്കാരില്‍ ഒന്നാമത്.
Content Highlights: finishing most t20i matches with a six hardik pandya record