ഒറ്റക്കൈ ക്യാച്ച്, ആരാധകന് കിട്ടിയത് 1.07 കോടി രൂപ; വൈറലായി വീഡിയോ

#സ്പോർട്സ് ഡെസ്ക്
ആരാധകന്റെ ക്യാച്ച് | X.com/@SA20_League
ആരാധകന്റെ ക്യാച്ച് | X.com/@SA20_League

കേപ് ടൗൺ: കഴിഞ്ഞ ദിവസമാണ് എസ്എ20 ക്രിക്കറ്റ് ലീഗിന് തുടക്കമായത്. ഡർബൻ സൂപ്പർ ജയന്റ്‌സും എംഐ കേപ് ടൗണും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ 15 റൺസിന് ഡർബൻ സൂപ്പർ ജയന്റ്‌സ് വിജയിച്ചു. ഡർബൻ ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേപ് ടൗണിന് 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 217 റൺസേ എടുക്കാനായുള്ളൂ. മത്സരത്തിൽ റയാൻ റിക്കൽട്ടൺ സെഞ്ചുറി നേടിയെങ്കിലും കേപ് ടൗണിനെ ജയത്തിലെത്തിക്കാനായില്ല. മത്സരത്തിനിടെ റിക്കൽട്ടണിന്റെ ഒരു സിക്‌സർ ആരാധകൻ കൈപ്പിടിയിലൊതുക്കിയ സംഭവം വൻ ചർച്ചയാകുകയാണ്.

233 റൺസ് വിജയലക്ഷ്യം ചേസ് ചെയ്തിറങ്ങിയ കേപ് ടൗൺ ഇന്നിങ്‌സിന്റെ 13-ാം ഓവറിലാണ് സംഭവം. ഓവറിലെ നാലാം പന്ത് റിക്കൽട്ടൺ മനോഹരമായി അതിർത്തികടത്തി. ഗാലറിയിലേക്ക് കുതിച്ച പന്താകട്ടെ ഒരു ആരാധകൻ ക്യാച്ചെടുത്തു. അതും ഒറ്റക്കൈകൊണ്ട്. ക്യാച്ച് കണ്ട് ചുറ്റും കൂടിയവരെല്ലാം അമ്പരന്നു. ഈ ക്യാച്ച് സാമൂഹിക മാധ്യമങ്ങളിൽ വൻ വൈറലായി.

ക്യാച്ചെടുത്ത യുവാവിനെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. പ്രതീക്ഷിക്കാത്ത സമ്മാനം ആരാധകനെ തേടിയെത്തി. സമ്മാനമായി ഒരു കോടി രൂപയാണ് യുവാവിന് ലഭിച്ചത്. മത്സരത്തിനിടെ ഒറ്റക്കൈയ്യിൽ ക്യാച്ചെടുക്കുന്നവർക്ക് ഈ തുക ലഭിക്കും. എസ്എ20 കോണ്ടസ്റ്റിന്റെ ഭാഗമാണിത്.

മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഡർബൻ സൂപ്പർ ജയന്റ്‌സ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 232 റൺസെടുത്തത്. 33 പന്തിൽ 64 റൺസെടുത്ത കോൺവേയാണ് ടോപ് സ്‌കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേപ് ടൗണിനായി റിക്കൽട്ടൺ സെഞ്ചുറിയോടെ തിളങ്ങി. 63 പന്തിൽ നിന്ന് താരം 113 റൺസെടുത്തു. അഞ്ച് ഫോറുകളും 11 സിക്‌സറുകളുമടങ്ങുന്നതാണ് ഇന്നിങ്‌സ്. പക്ഷേ റിക്കൽട്ടണിന് ടീമിനെ ജയിപ്പിക്കാനായില്ല. 217-7 ന് ടീമിന്റെ ഇന്നിങ്‌സ് അവസാനിച്ചു.

Content Highlights: Fan Gets Rs 1.07 Crore For Taking MI Star Ryan Rickelton's One-Handed 'Catch' In SA20 Contest