ഇംഗ്ലണ്ടിന്റെ ലോകകപ്പ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ വിരമിക്കാനൊരുങ്ങുന്നു

Photo: AFP
Photo: AFP

ലീഡ്സ്: ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നു. പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടായേക്കും. മോശം ഫോമും ആരോഗ്യപ്രശ്നങ്ങളുമാണ് താരത്തെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിക്കുന്നത്. കരിയറില്‍ അയര്‍ലന്‍ഡിനായി കളിതുടങ്ങിയ താരം പിന്നീട് ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാവുകയായിരുന്നു.

ഏകദിനത്തിലും ട്വന്റി 20-യിലും ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് മോര്‍ഗന്‍.  ഇംഗ്ലണ്ടിനായി 225 ഏകദിനങ്ങളില്‍ നിന്ന് 6957 റണ്‍സും 115 ട്വന്റി 20-കളില്‍ നിന്ന് 2458 റണ്‍സും നേടിയിട്ടുണ്ട്. 2012-ല്‍ ട്വന്റി 20 ടീമിന്റെയും 2014-ല്‍ ഏകദിന ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തു. ഏകദിനത്തിലും ട്വന്റി 20-യിലും ടീമിനെ ലോക ഒന്നാം റാങ്കിലെത്തിക്കുകയും ചെയ്തു.

ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ കൂടി ഇംഗ്ലണ്ടിനെ നയിക്കാനുള്ള ആഗ്രഹം മോര്‍ഗന്‍ പരസ്യമാക്കിയിരുന്നെങ്കിലും മോശം ഫോമും പരിക്കും തിരിച്ചടിയാകുകയായിരുന്നു.

2019-ല്‍ ഇംഗ്ലണ്ടിനെ ആദ്യ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു. 2016-ല്‍ മോര്‍ഗന് കീഴില്‍ ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്റെ അവിശ്വസനീയ ഇന്നിങ്‌സിന്റെ ബലത്തില്‍ വെസ്റ്റിന്‍ഡീസ് കിരീടം സ്വന്തമാക്കുകയായിരുന്നു.

Content Highlights: Eoin Morgan set to retire from international cricket