ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ ഒയിന്‍ മോര്‍ഗന്‍ വിരമിച്ചു

ലണ്ടന്‍: ഇംഗ്ലണ്ടിന് ആദ്യമായി ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകന്‍ ഒയിന്‍ മോര്‍ഗന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 36 കാരനായ മോര്‍ഗന്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 16 വര്‍ഷത്തെ കരിയറാണ് താരം അവസാനിപ്പിച്ചത്.
2022 ജൂലായില്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. അയര്‍ലന്‍ഡിനായും ഇംഗ്ലണ്ടിനായും അന്താരാഷ്ട്ര മത്സരം കളിച്ച താരം എന്ന പ്രത്യേകതയും മോര്‍ഗനുണ്ട്. മോര്‍ഗന്റെ നായകമികവിലാണ് ഇംഗ്ലണ്ട് 2019 ലോകകപ്പില്‍ മുത്തമിട്ടത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും താരം ട്വന്റി 20 ലീഗുകളില്‍ സജീവമായിരുന്നു. ഈയിടെ അവസാനിച്ച സൗത്ത് ആഫ്രിക്ക ട്വന്റി 20 ലീഗില്‍ പാള്‍ റോയല്‍സിനായി മോര്‍ഗന്‍ കളിച്ചിരുന്നു. കഴിഞ്ഞവര്‍ഷം അബുദാബി ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെയും ഭാഗമായി.
' ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന കാര്യം അഭിമാനപൂര്‍വം തന്നെ അറിയിക്കട്ടെ. ക്രിക്കറ്റിനോട് വിടപറയാന്‍ പറ്റിയ സമയമിതാണെന്ന് എനിക്ക് തോന്നുന്നു. ഇത്രയും വര്‍ഷം എന്നെ പിന്തുണച്ച ഏവര്‍ക്കും നന്ദി.'- മോര്‍ഗന്‍ കുറിച്ചു.
ആകെ 855 മത്സരങ്ങള്‍ കളിച്ച മോര്‍ഗന്‍ 24000-ത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്. ഏഴര വര്‍ഷം ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്രിക്കറ്റ് നായകനായിരുന്നു മോര്‍ഗന്‍. ഇംഗ്ലണ്ടിനൊപ്പം ട്വന്റി 20 ലോകകപ്പ് കിരീടം നേടാനും മോര്‍ഗന് സാധിച്ചിട്ടുണ്ട്.
അയര്‍ലന്‍ഡിനായി 2006-ല്‍ അരങ്ങേറ്റം നടത്തിയ മോര്‍ഗന്‍ 2009-ലാണ് ഇംഗ്ലണ്ടിനായി കളിക്കാന്‍ തുടങ്ങിയത്. 248 ഏകദിനത്തില്‍ നിന്ന് 7701 റണ്‍സും 115 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 2458 റണ്‍സും നേടിയ മോര്‍ഗന്‍ 16 ടെസ്റ്റില്‍ നിന്ന് 700 റണ്‍സും അടിച്ചെടുത്തു. ആഭ്യന്തര ട്വന്റി 20യില്‍ ഏറെ ശോഭിച്ച മോര്‍ഗന്‍ 374 മത്സരങ്ങളില്‍ നിന്ന് 7780 റണ്‍സാണ് അടിച്ചെടുത്തത്.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്ന മോര്‍ഗന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചു.
Content Highlights: Eoin Morgan announces retirement