17 വര്‍ഷത്തിനുശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാകിസ്താനില്‍

കറാച്ചി: 17 വര്‍ഷത്തിനുശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാകിസ്താനിലെത്തി. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള പരമ്പരയ്ക്ക് വേണ്ടിയാണ് ജോസ് ബട്ലറുടെ നേതൃത്വത്തിലുള്ള 19 അംഗ സംഘം പാകിസ്താനിലെത്തിയത്. ഏഴ് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് ടീം പാകിസ്താനിലെത്തുന്നമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി പരമ്പര റദ്ദാക്കിയിരുന്നു. 2005-ലാണ് ഇംഗ്ലണ്ട് അവസാനമായി പാകിസ്താനില്‍ ക്രിക്കറ്റ് കളിച്ചത്.
2009-ല്‍ പാകിസ്താനിലെ ലാഹോറില്‍ വെച്ച് ശ്രീലങ്കന്‍ താരങ്ങള്‍ക്കെതിരേ തീവ്രവാദികള്‍ ആക്രമണം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് പാകിസ്താനില്‍ കളിക്കാന്‍ മറ്റ് രാജ്യങ്ങള്‍ ഭയപ്പെട്ടിരുന്നു. ഇതോടെ പാകിസ്താന്റെ ഹോം ഗ്രൗണ്ടായി യു.എ.ഇ മാറി. 2013-ലും 2015-ലും യു.എ.ഇയില്‍ വെച്ച് ഇംഗ്ലണ്ട് പാകിസ്താനെതിരേ പരമ്പരയില്‍ പങ്കെടുത്തിരുന്നു.
സെപ്റ്റംബര്‍ 20 നാണ് ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരം നടക്കുന്നത്. പരമ്പര ഒക്ടോബര്‍ 2 ന് സമാപിക്കും. പിന്നാലെ ഇരുടീമുകളും ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി ഓസ്ട്രേലിയയിലേക്ക് പറക്കും. അതിനുശേഷം ഡിസംബറില്‍ ഇംഗ്ലണ്ട് പാകിസ്താനില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും.
Content Highlights: england vs pakistan, england cricket, pakistan cricket, sports news, cricket news, t20, twenty 20