2027-ൽ ഇന്ത്യക്കെതിരെ നാട്ടിൽ മത്സരമില്ല; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് 627 കോടി രൂപ നഷ്ടമാകുമെന്ന് റിപ്പോർട്ട്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: AP
Photo: AP

ലണ്ടൻ: ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന് (ഇ.സി.ബി) 2027ൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഇത് 50 ദശലക്ഷം ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 627 കോടി രൂപ) വരെ ഉയർന്നേക്കാം. വരുമാനത്തിന്റെ വലിയൊരു പങ്ക് നൽകുന്ന ഇന്ത്യക്കെതിരെ സ്വന്തം നാട്ടിൽ മത്സരങ്ങളൊന്നും ഇല്ലാത്തതാണ് പ്രധാന കാരണം.

അംഗങ്ങൾക്ക് നൽകേണ്ട സംപ്രേഷണ തുകയുടെ ഒരു ഭാഗം 2027ൽ വിതരണം ചെയ്യേണ്ടതില്ല എന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) എടുത്ത തീരുമാനമാണ് മറ്റൊരു പ്രധാന കാരണം. പരമ്പരാഗത വൈരികളായ ഓസ്‌ട്രേലിയക്കെതിരെയുള്ള ആഷസ് പരമ്പര സ്വന്തം നാട്ടിൽ നടത്തിയാലും ഇ.സി.ബിക്ക് വൻ നഷ്ടം നേരിടേണ്ടിവരുമെന്നും 'ദി ഗാർഡി'യന്റെ റിപ്പോർട്ടിൽ പറയുന്നു.

2025ൽ ഇ.സി.ബി 12.6 ദശലക്ഷം ബ്രിട്ടീഷ് പൗണ്ട് ലാഭം നേടിയിരുന്നെങ്കിലും, 2027ൽ 'കനത്ത നഷ്ടം' പ്രതീക്ഷിക്കുന്നതായി അതേ വർഷം തന്നെ വ്യക്തമാക്കിയിരുന്നു.

കുറഞ്ഞ സംപ്രേഷണ തുക വിതരണത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി ഐ.സി.സിയുമായി ചേർന്ന് പ്രവർത്തിക്കാൻ ഇ.സി.ബി ലക്ഷ്യമിടുന്നതായി റിപ്പോർട്ടിൽ പറയുന്നു. എത്ര തുക തടഞ്ഞുവെക്കുമെന്ന് ഐ.സി.സി ഇതുവരെ കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ, നഷ്ടം 35 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടായി (ഏകദേശം 439 കോടി രൂപ) ഒതുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇ.സി.ബി.

Content Highlights: ECB expects financial losses up to GBP 50 million in 2027., Absence of a home series against India and cyclical media revenues are primary drivers., ICC withholding a portion of broadcast payments adds to the financial strain., ECB aims to work with ICC to reduce the projected loss to GBP 35 million.