സൗത്ത് സോൺ 242-6, ഈസ്റ്റ് സോണിനേക്കാൾ 466 റൺസ് പിന്നിൽ

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിനെതിരേ സൗത്ത് സോൺ പൊരുതുന്നു. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ഒന്നാമിന്നിങ്‌സിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 242 റൺസെന്ന നിലയിലാണ് സൗത്ത് സോൺ. ദേവദത്ത് പടിക്കൽ അർധസെഞ്ചുറിയോടെ(62) പുറത്തായപ്പോൾ അർധസെഞ്ചുറി തികച്ച ക്യാപ്റ്റൻ തിലക് വർമ ക്രീസിലുണ്ട്. ആദ്യ രണ്ട് ദിനവും ബാറ്റ് ചെയ്ത ഈസ്റ്റ് സോൺ ഒന്നാമിന്നിങ്‌സിൽ 708 റൺസെന്ന കൂറ്റൻ സ്‌കോറാണ് ഉയർത്തിയത്.
ഈസ്റ്റ് സോൺ ഉയർത്തിയ കൂറ്റൻ സ്‌കോറിനെതിരേ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച സൗത്ത് സോൺ തുടക്കത്തിൽ തന്നെ പതറി. സ്‌കോർ പത്തിൽ നിൽക്കേ ഓപ്പണർ റിക്കിയെ നഷ്ടമായി. വെറും ഒരു റൺ മാത്രമാണ് താരത്തിന് നേടാനായത്. രണ്ടാം വിക്കറ്റിൽ നാരായൺ ജഗദീശനും ദേവദത്ത് പടിക്കലുമാണ് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. നാരായൺ ജഗദീശൻ 32 റൺസെടുത്ത് മടങ്ങി. പിന്നീട് പടിക്കലാണ് സൗത്ത് സോണിനെ കരകയറ്റിയത്. ശ്രദ്ധയോടെ ബാറ്റേന്തിയ പടിക്കൽ അർധസെഞ്ചുറിയോടെ തിളങ്ങി.
സ്‌കോർ നൂറുകടന്നെങ്കിലും വിക്കറ്റുകൾ വീണത് സൗത്ത് സോണിന് തിരിച്ചടിയായി. ഷയ്ക് റഷീദും പിന്നാലെ പടിക്കലും പുറത്തായി. റഷീദ് 27 റൺസെടുത്തപ്പോൾ ദേവദത്ത് പടിക്കൽ 62 റൺസെടുത്തു. അതോടെ ടീം 129-4 എന്ന നിലയിലേക്ക് വീണു. സ്മരൺ രവിചന്ദ്രനും തിലക് വർമയുമാണ് പിന്നീട് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. ഇരുവരും സ്‌കോർ 170 കടത്തിയെങ്കിലും വലിയ കൂട്ടുകെട്ട് പടുത്തുയർത്താനായില്ല. സ്മരൺ 23 റൺസെടുത്ത് കൂടാരം കയറി. ആറാം വിക്കറ്റിൽ ശ്രേയസ് ഗോപാലുമൊന്നിച്ച് തിലക് വർമ ടീമിനെ 200 കടത്തി.
എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഈസ്റ്റ് സോൺ തിരിച്ചടിച്ചു. അതോടെ സൗത്ത് സോൺ പ്രതിരോധത്തിലായി. ശ്രേയസ് ഗോപാൽ 26 റൺസെടുത്ത് മടങ്ങി. തിലക് വർമ അർധസെഞ്ചുറിയോടെ ക്രീസിലുണ്ട്. ഈസ്റ്റ് സോണിനായി മുഹമ്മദ് ഷമിയും മുകേഷ് കുമാറും രണ്ട് വീതം വിക്കറ്റെടുത്തു.
Content Highlights: East Zone vs South Zone, Final, Duleep Trophy 2026