വൈഭവ്-അഭിമന്യു സെഞ്ചുറി കൂട്ടുകെട്ട്, ഫിഫ്റ്റിയുമായി ശിഖർ മോഹൻ; 280 കടന്ന് ഈസ്റ്റ് സോൺ

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരേ ഈസ്റ്റ് സോൺ ബാറ്റിങ് തുടരുന്നു. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 282 റൺസെന്ന നിലയിലാണ് ഈസ്റ്റ് സോൺ. അർധസെഞ്ചുറി നേടിയ അഭിമന്യു ഈശ്വരൻ, ശിഖർ മോഹൻ എന്നിവരാണ് ടീമിന് കരുത്തായത്. ഇഷാൻ കിഷനും കുമാർ കുശാഗ്രയുമാണ് ക്രീസിൽ.
ഓപ്പണിങ് വിക്കറ്റിൽ അഭിമന്യു ഈശ്വരനും വൈഭവ് സൂര്യവംശിയും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. സൗത്ത് സോണിന്റെ ബൗളിങ് നിരയെ ശ്രദ്ധയോടെ നേരിട്ടാണ് വൈഭവ് ഇന്നിങ്‌സ് തുടങ്ങിയത്. എന്നാൽ, പിന്നീട് ട്രാക്ക് മാറ്റിയ കൗമാരതാരം ബൗണ്ടറികളുമായി കളംനിറഞ്ഞു. മുഹമ്മദ് സിറാജ് എറിഞ്ഞ ഏഴാം ഓവറിൽ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം പതിനാല് റൺസാണ് താരം അടിച്ചെടുത്തത്. ആദ്യ പത്തോവറിൽ ഈസ്റ്റ് സോൺ 72 റൺസിലെത്തി. പിന്നാലെ അഭിമന്യുവും ബൗണ്ടറികളുമായി സ്കോറുയർത്തി.
ഇരുവരും മിന്നിച്ചതോടെ ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറികൂട്ടുകെട്ട് പിറന്നു. പിന്നാലെ വൈഭവ് പുറത്തായി. 37 പന്തിൽ നിന്ന് 44 റൺസെടുത്താണ് വൈഭവ് പുറത്തായത്. അഞ്ച് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. വൈഭവ് പുറത്തായെങ്കിലും ശിഖർ മോഹനെ കൂട്ടുപിടിച്ച് അഭിമന്യു ഈശ്വരൻ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. എന്നാൽ 72 റൺസെടുത്ത അഭിമന്യു റണ്ണൗട്ടായി. പിന്നാലെ സുദീപ് കുമാറും(6) പുറത്തായതോടെ ഈസ്റ്റ് സോൺ പ്രതിരോധത്തിലായി. ടീം 147-3 എന്ന നിലയിലേക്ക് വീണു.
നാലാം വിക്കറ്റിൽ ഒന്നിച്ച ശിഖർ മോഹനും ക്യാപ്റ്റൻ ഇഷാൻ കിഷനും ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ശിഖർ മോഹൻ അർധസെഞ്ചുറിയോടെ ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. അതോടെ ഈസ്റ്റ് സോൺ 200 കടന്നു. ട്രാക്ക് മാറ്റിയ ശിഖർ മോഹൻ ബൗണ്ടറികളുമായി സ്‌കോറിങ്ങിന് വേഗം കൂട്ടി. ഒടുവിൽ സ്‌കോർ 241 റൺസിൽ നിൽക്കേ ശിഖർ മോഹൻ പുറത്തായി. 85 റൺസാണ് താരത്തിന്റെ സമ്പാദ്യം.
Content Highlights: East Zone vs South Zone, Final, Duleep Trophy 2026