ആ സല്യൂട്ട് അച്ഛന്, സെഞ്ചുറി നേട്ടം സൈന്യത്തിന് - ധ്രുവ് ജുറേൽ

ധ്രുവ് ജുറേലിന്റെ സെലിബ്രേഷൻ | PTI
ധ്രുവ് ജുറേലിന്റെ സെലിബ്രേഷൻ | PTI

അഹമ്മദാബാദ്: വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറി നേട്ടം സൈന്യത്തിന് സമര്‍പ്പിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍. ആദ്യ ഇന്നിങ്സിൽ 210 പന്ത് നേരിട്ട ജുറേല്‍ 125 റണ്‍സെടുത്താണ് പുറത്തായത്. 15 ഫോറുകളും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. അർധസെഞ്ചുറി നേടിയതിന് പിന്നാലെയുള്ള സല്യൂട്ട് അച്ഛന് വേണ്ടിയായിരുന്നുവെന്നും എന്നാൽ സെഞ്ചുറി നേട്ടത്തിന് പിന്നാലെയുള്ള സെലിബ്രേഷൻ സൈന്യത്തിന് വേണ്ടി ചെയ്തതാണെന്നും ധ്രുവ് വ്യക്തമാക്കി. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യക്കായി പോരാടിയ സൈനികന്‍ റാംപ്രസാദ് ജുറേലിന്റെ മകനാണ് ധ്രുവ് ജുറേല്‍.

അർധസെഞ്ചുറി നേടിയതിന് ശേഷമുള്ള സല്യൂട്ട് എൻ്റെ അച്ഛന് വേണ്ടിയായിരുന്നു. പക്ഷേ സെഞ്ചുറി നേടിയപ്പോഴുള്ളത് വളരെക്കാലമായി എൻ്റെ മനസ്സിലുണ്ടായിരുന്ന ഒന്നായിരുന്നു. കാരണം, ഇന്ത്യൻ സൈന്യവുമായി വളരെ അടുപ്പമുണ്ടായിരുന്നു. ചെറുപ്പം മുതലേ അച്ഛനെ കണ്ടാണ് ഞാൻ വളർന്നത്.- ജുറേൽ പറഞ്ഞു.

ഞങ്ങൾ കളിക്കളത്തിൽ ചെയ്യുന്നതും അവർ യുദ്ധമുഖത്ത് ചെയ്യുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അത് താരതമ്യം ചെയ്യാൻ കഴിയില്ല. എനിക്ക് അവരോട് എപ്പോഴും ബഹുമാനമുണ്ട്. ഭാവിയിൽ ഞാൻ എന്ത് ചെയ്താലും അത് അവർക്ക് വേണ്ടിയായിരിക്കും. ഈ നേട്ടം സൈന്യത്തിന് സമർപ്പിക്കുന്നു. - ജുറേൽ കൂട്ടിച്ചേർത്തു.

ധ്രുവ് ജുറേലും രവീന്ദ്ര ജഡേജയും മികച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെയാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ഇരുവരും വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ബാറ്റേന്തി. വിന്‍ഡീസ് ബൗളര്‍മാര്‍ മാറി മാറി എറിഞ്ഞിട്ടും മികച്ച കൂട്ടുകെട്ടോടെ ഇരുവരും ടീമിനെ നാനൂറ് കടത്തി. ജുറേലും ജഡേജയും സെഞ്ചുറി നേടി. 206 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ജുറേല്‍ 210 പന്തില്‍ നിന്ന് 125 റണ്‍സെടുത്ത് പുറത്തായി. 15 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ജഡേജ 104 റണ്‍സോടെ പുറത്താവാതെ നിന്നു.

Content Highlights: dhruv jurels celebration century against west indies