‘പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും, സംഭവിച്ചത് ഇതാണ്’; ലങ്കൻ താരവുമായി ജയ്സ്വാൾ കൊമ്പുകോർത്തതിൽ വെളിപ്പെടുത്തൽ

#സ്പോർട്സ് ഡെസ്ക്
യശസ്വി ജയ്‌സ്വാളും അസിത ഫെര്‍ണാണ്ടോയും | Photo: AFP
യശസ്വി ജയ്‌സ്വാളും അസിത ഫെര്‍ണാണ്ടോയും | Photo: AFP

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ലങ്കൻ പേസ് ബൗളർ അസിത ഫെർണാണ്ടോയും ഇന്ത്യൻ ബാറ്റർ യശസ്വി ജയ്സ്വാളും തമ്മിലുണ്ടായ വാക്കേറ്റത്തിൽ വിശദീകരണവുമായി ഇന്ത്യൻ ബാറ്റർ ധ്രുവ് ജുറെൽ. ലങ്കൻ പേസറുമായി കൊമ്പുകോർക്കാനിടയായ സാഹചര്യം ജുറെൽ വിശദീകരിച്ചു. ശ്രീലങ്കൻ പേസർ അസഭ്യം പറഞ്ഞെന്നും അതിനാലാണ് ജയ്സ്വാൾ തിരിച്ചുപോയി ചോദ്യംചെയ്തതെന്നും ജുറെൽ പറഞ്ഞു. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുമായുള്ള പോഡ്‌കാസ്റ്റിലാണ് ജുറെലിന്റെ വെളിപ്പെടുത്തൽ.

"അദ്ദേഹം പുറത്തായപ്പോൾ, ശാന്തനായി ഡ്രസ്സിങ് റൂമിലേക്ക് നടക്കുകയായിരുന്നു. ഒന്നും പറഞ്ഞില്ല. നിങ്ങൾ ദൃശ്യങ്ങൾ നോക്കിയാൽ പെട്ടെന്ന് ജയ്സ്വാൾ തിരിഞ്ഞു നോക്കുന്നത് കാണാം. ശ്രീലങ്കൻ പേസർ അവനെ അസഭ്യം പറയുകയായിരുന്നു. ലങ്കൻ പേസർ നിരന്തരം അസഭ്യം പറയുകയാണെന്ന് ജയ്സ്വാൾ എന്നോട് പറഞ്ഞു."- ജുറേൽ പറഞ്ഞു.

'കുഴപ്പമില്ല, നിങ്ങൾ എന്റെ വിക്കറ്റ് എടുത്തു. നിങ്ങൾക്ക് സാധാരണ രീതിയിൽ ആഘോഷിക്കാം, പക്ഷേ എന്നെ അസഭ്യം പറയാൻ പാടില്ല', ജയ്സ്വാൾ ലങ്കൻ താരത്തോട് ഇങ്ങനെ പറഞ്ഞുവെന്നും ജുറെൽ വ്യക്തമാക്കി. ആരെങ്കിലും മോശമായി പെരുമാറിയാൽ അദ്ദേഹം തിരിച്ചടിക്കുമല്ലേയെന്ന് ആകാശ് ചോപ്രയും പ്രതികരിച്ചു.

100 ശതമാനം അങ്ങനെയാണെന്നാണ് ജുറെൽ മറുപടി നൽകിയത്. അദ്ദേഹം ഒരിക്കലും തർക്കത്തിന് തുടക്കമിടില്ല. അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. എപ്പോഴും കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജയ്സ്വാൾ എപ്പോഴും തൻ്റെ ബാറ്റിങ്ങിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. എന്നാൽ പ്രകോപിപ്പിച്ചാൽ, തിരിച്ചടിക്കും. - ജുറെൽ വ്യക്തമാക്കി.

ടെസ്റ്റിന്റെ ഒന്നാം ദിവസം 17-ാം ഓവറിലെ അവസാന പന്തിലാണ് വാക്കേറ്റത്തിന് കാരണമായ സംഭവമുണ്ടായത്. ഈ ഓവറിൽ അസിത ഫെർണാണ്ടോയെ മൂന്നു ഫോറുകൾ അടിച്ച് അർദ്ധ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു യശസ്വി. എന്നാൽ, അവസാന പന്തിൽ താരത്തിന്റെ ബെയ്ൽസ് അസിത ഇളക്കി. 45 റൺസിന് ഔട്ടായ യശസ്വി ഗ്രൗണ്ട് വിടാനൊരുങ്ങി. എന്നാൽ, ആഘോഷത്തിനിടെ ലങ്കൻ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഏതോ വാക്ക് ഇന്ത്യൻ താരത്തെ ചൊടിപ്പിക്കുകയായിരുന്നു.

തിരിഞ്ഞുനടന്ന് അസിതയുമായി യശസ്വി വാക്കുതർക്കത്തിലേർപ്പെട്ടു. ഇരുവരും പരസ്പരം തല മുട്ടിക്കുകയും ചെയ്തു. ആ സമയത്ത് ലങ്കയുടെ മറ്റ് താരങ്ങൾ ഇടപെടുകയും യശസ്വിയെ പിടിച്ചുമാറ്റുകയുമായിരുന്നു. ഇതിന് പിന്നാലെ യശസ്വിയെ വിമർശിച്ച് അജയ്‌ ജഡേജയും ചേതേശ്വർ പൂജാരയും രംഗത്തെത്തിയിരുന്നു. യശസ്വി ജയ്‌സ്വാളിനും ശ്രീലങ്കൻ ബൗളർ അസിത ഫെർണാണ്ടോയ്ക്കും മാച്ച് ഫീയുടെ 25% പിഴശിക്ഷ വിധിച്ചിരുന്നു. ഒപ്പം ഇരുവർക്കും ഒരോ ഡീമെറിറ്റ് പോയിന്റും ഐസിസി ചുമത്തി.

Content Highlights: Dhruv Jurel revealed that Asitha Fernando hurled abuses at Yashasvi Jaiswal after dismissing him., Jaiswal confronted the Sri Lankan pacer for crossing the line during the wicket celebration