അവസാന 7 മത്സരങ്ങളിൽ നാലിലും സെഞ്ചുറി; ഹെഡിനേക്കാൾ ഇന്ത്യയ്ക്ക് തലവേദന ഈ ന്യൂസീലൻഡുകാരൻ

ഇന്ദോർ: കഴിഞ്ഞവർഷം സ്വന്തം മണ്ണിൽ ന്യൂസീലൻഡിനോടും ദക്ഷിണാഫ്രിക്കയോടും ടെസ്റ്റ് പരമ്പര തോറ്റ ഇന്ത്യൻ ടീമിന് മറ്റൊരു ആഘാതം കൂടിയായിരുന്നു, ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര തോൽവി. ഞായറാഴ്ച നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 41 റൺസ് ജയത്തോടെയാണ് ചരിത്രത്തിലാദ്യമായി ന്യൂസീലൻഡ് ഇന്ത്യയിൽ ഏകദിന ക്രിക്കറ്റ് പരമ്പര നേടിയത്. രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും സെഞ്ചുറി നേടിയ ഡാരിൽ മിച്ചൽ പരമ്പരയിലെ താരമായി.
എത്ര മോശം ഫോമിലാണെങ്കിലും ഇന്ത്യയ്‌ക്കെതിരേ കളിക്കുമ്പോൾ മികവിലേക്കുയരുന്ന താരങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ട്. സനത് ജയസൂര്യ, റിക്കി പോണ്ടിങ്, നിലവിൽ ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരെല്ലാം ഇത്തരത്തിൽപ്പെട്ടവരാണ്. ഇതിൽ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് അടുത്ത വർഷങ്ങളിൽ ഇന്ത്യൻ ആരാധകരുടെ കണ്ണീര് വീഴ്ത്തിയതിന് കണക്കില്ല. 2023-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഏകദിന ലോകകപ്പ് ഫൈനലിലും ഹെഡ് കളിച്ച ഇന്നിങ്‌സുകൾ ഇല്ലാതാക്കിയത് ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളായിരുന്നു. എന്നാൽ, ഇന്ത്യയ്‌ക്കെതിരായ കളിമികവിൽ ഹെഡിനെയും പിന്നിലാക്കുന്ന ഒരാളാണ് കിവീസിന്റെ ഡാരിൽ മിച്ചൽ. ഇക്കഴിഞ്ഞ പരമ്പര തോൽവിതന്നെ അതിന് തെളിവ്.
ഹെഡും മിച്ചലും ഇന്ത്യയ്‌ക്കെതിരേ 13 ഏകദിനങ്ങൾ വീതം കളിച്ചിട്ടുണ്ട്. ഹെഡ് ഇത്രയും മത്സരങ്ങളിൽനിന്നായി 37.41 ശരാശരിയിൽ 443 റൺസടിച്ചപ്പോൾ മിച്ചൽ ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 74.10 ശരാശരിയിൽ അടിച്ചെടുത്തിരിക്കുന്നത് 741 റൺസാണ്. 11 ഏകദിന ഇന്നിങ്‌സുകളിലാണ് മിച്ചൽ ഇന്ത്യയ്‌ക്കെതിരേ ബാറ്റ് ചെയ്തതെന്നോർക്കണം. അതിൽ ആറ് തവണയും താരം 50 റൺസിന് മുകളിൽ സ്‌കോർ ചെയ്തിട്ടുണ്ട്. നാല് സെഞ്ചുറികളും രണ്ട് അർധ സെഞ്ചുറികളും അടക്കമാണിത്. എന്നാൽ, ഹെഡ് ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരേ ഒരു സെഞ്ചുറി മാത്രമേ നേടിയിട്ടുള്ളൂ. അതാകട്ടെ 2023 ലോകകപ്പ് ഫൈനലിലായിരുന്നു എന്ന് മാത്രം.
മാത്രമല്ല ഏകദിന ചരിത്രത്തിൽ ഇന്ത്യൻ മണ്ണിൽ ഇന്ത്യയ്‌ക്കെതിരേ നാല് സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ബാറ്ററെന്ന നേട്ടവും മിച്ചൽ സ്വന്തമാക്കി. ഇന്ത്യൻ മണ്ണിലെ തന്റെ എട്ടാമത്തെ ഏകദിനത്തിലാണ് താരം ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. 130, 134, 17, 63, 84, 131*, 137* എന്നിങ്ങനെയാണ് ഇന്ത്യയ്‌ക്കെതിരായ മിച്ചലിന്റെ അവസാന ഏഴ് ഏകദിന ഇന്നിങ്‌സുകൾ.
മാത്രമല്ല ഇന്ത്യയിൽ നടന്ന ഏകദിന മത്സരങ്ങളിൽ ഇന്ത്യയ്ക്കെതിരേ തുടർച്ചയായി അഞ്ചുതവണ 50-ന് മുകളിൽ സ്‌കോർ ചെയ്യുന്ന ആദ്യ ബാറ്റർ കൂടിയാണ് മിച്ചൽ.
Content Highlights: Daryl Mitchell`s stunning centuries against India outshine Travis Head. Discover his incredible record in ODIs on Indian soil.