കുറഞ്ഞ ഓവര്‍ നിരക്ക് ചതിച്ചു, ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കും പോയന്റ് നഷ്ടം

Photo: twitter.com/ICC
Photo: twitter.com/ICC

ദുബായ്: ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും പോയന്റ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വെട്ടിക്കുറച്ചു. പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന് മൊത്തം 19 പോയന്റും ഓസ്ട്രേലിയക്ക് 10 പോയന്റും നഷ്ടമാകും.

ഇംഗ്ലണ്ടിന് ആദ്യടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന് രണ്ടും രണ്ടാം ടെസ്റ്റിലേതിന് ഒമ്പതും നാലാം ടെസ്റ്റിലേതിന് മൂന്നും അഞ്ചാം ടെസ്റ്റിലേതിന് അഞ്ചും പോയന്റ് വീതമാണ് കുറച്ചത്. നാലാം ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഓസീസിന് 10 പോയന്റാണ് കുറച്ചത്. മാച്ച് ഫീയുടെ 50 ശതമാനം പിഴയായും വിധിച്ചു. ഇംഗ്ലണ്ടില്‍നിന്ന് ആദ്യ ടെസ്റ്റില്‍ മാച്ച് ഫീയുടെ 10 ശതമാനവും രണ്ടാം ടെസ്റ്റില്‍ 45 ശതമാനവും നാലാം ടെസ്റ്റില്‍ 15 ശതമാനവും അഞ്ചാം ടെസ്റ്റില്‍ 25 ശതമാനവും പിഴയായി ഈടാക്കും.

പോയന്റ് വെട്ടിക്കുറച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഓസ്ട്രേലിയയുടേത് 18 പോയന്റായും ഇംഗ്ലണ്ടിന്റേത് ഒമ്പത് പോയന്റായും ചുരുങ്ങി. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ പാകിസ്താനാണ് ഒന്നാമത്. ഇന്ത്യ രണ്ടാം സ്ഥാനത്തുനില്‍ക്കുന്നു. ഓസ്‌ട്രേലിയ മൂന്നാമതും വെസ്റ്റ് ഇന്‍ഡീസ് നാലാമതുമാണ്. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തേക്ക് വീണു. 

Content Highlights: Crucial points deducted from both Australia and England