'ചാപ്പല്‍ ശൈലിയില്‍ ഗംഭീര്‍'; മുതിര്‍ന്ന താരങ്ങളുമായി തര്‍ക്കം, ബൗളിങ് കോച്ച് മോര്‍ക്കലുമായും ഭിന്നത

മുംബൈ: ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെ പരിശീലകന്‍ ഗൗതംഗംഭീറും മുതിര്‍ന്ന താരങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. ടീമിലെ പ്രശ്‌നങ്ങളടക്കം ചര്‍ച്ച ചെയ്തുള്ള ബിസിസിഐയുടെ അവലോകന യോഗം ഇതിനകം ചേര്‍ന്നിട്ടുണ്ട്. ടീം സംസ്‌കാരം സംബന്ധിച്ച് മുതിര്‍ന്നതാരങ്ങളും പരിശീലകന്‍ ഗംഭീറും രണ്ട് തട്ടിലാണെന്നാണ് റിപ്പോര്‍ട്ട്.
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ചില സീനിയര്‍ താരങ്ങള്‍ ഹോട്ടലുകളെക്കുറിച്ചും പരിശീലന സമയത്തെക്കുറിച്ചും പ്രത്യേക ഡിമാന്‍ഡുകള്‍ വെച്ചതില്‍ മുഖ്യ പരിശീലകന്‍ തൃപ്തനെല്ലാണ് വിവരം. അതേസമയം ഗംഭീറിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ആശയവിനിമയം ഇല്ലെന്നാണ് സീനിയര്‍ താരങ്ങളുടെ പരാതി. ഈ തര്‍ക്കങ്ങള്‍ കൂടാതെ ദേശീയ സെലക്ഷന്‍ കമ്മിറ്റിയും ഗംഭീറുമായി അത്ര രസത്തിലല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. സെലക്ഷന്‍ കാര്യങ്ങളില്‍ ഹെഡ് കോച്ചായിട്ടുള്ള ഗംഭീര്‍ കൂടുതല്‍ അഭിപ്രായം പറയേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട്.
മുന്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ ഗ്രെഗ് ചാപ്പലിന്റെ ശൈലിയിലേക്ക് ഗംഭീര്‍ പോകുന്നതായി ഒരു മുന്‍സെലക്ടറെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ചാപ്പലിന്റെ ശൈലിയെത്തുടര്‍ന്ന് ടീമില്‍ വലിയ അസ്വരാസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു. ചാപ്പല്‍ ശൈലി ഇന്ത്യയില്‍ നടപ്പിലാകില്ലെന്ന് മുന്‍ സെലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഗംഭീറിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ഓസ്ട്രേലിയയില്‍ ടീമിനൊപ്പം ഇടപെടലുകള്‍ നടത്തിയതിലും ബിസിസിഐ ഇതിനോടകം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അഡ്‌ലെയ്ഡില്‍ ബിസിസിഐയുടെ വിഐപി ബോക്‌സില്‍ ഇയാള്‍ ഇടംനേടിയതും മറ്റും ബോര്‍ഡ് ഭാരവാഹികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ടീം അംഗങ്ങള്‍ക്കായി മാത്രം ഒരുക്കിയിട്ടുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇയാള്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയതും മറ്റും ബിസിസിഐക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബിസിസിഐ അവലോകന യോഗത്തില്‍ ഗംഭീറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിന് ചില വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ ധാരണയായിരുന്നു.
സ്റ്റേഡിയങ്ങളിലെ വിഐപി ബോക്‌സില്‍ ഇരുത്താന്‍ അനുവദിക്കാത്തതിന് പുറമെ ടീം ബസിലോ അതിനു പിന്നിലുള്ള ബസിലോ ഗംഭീറിനെ അനുഗമിക്കാനും ഇനി മാനേജരെ അനുവദിക്കില്ല.
മുതിര്‍ന്ന താരങ്ങളോടുള്ള ഗംഭീറിന്റെ അഭിപ്രായ ഭിന്നതകൂടാതെ ബൗളിങ് പരിശീലകന്‍ മോണെ മോര്‍ക്കലുമായുള്ള തര്‍ക്കവും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിശീലന സെഷനില്‍ മോര്‍ക്കല്‍ വൈകിയെത്തിയതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. ഗ്രൗണ്ടില്‍വെച്ച് തന്നെ ഗംഭീര്‍ മോര്‍ക്കലിനോട് ക്ഷുഭിതനായി. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ ഭിന്നതയിലാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlights: Cracks In Indian Team-Gautam Gambhir Unhappy With Senior Stars Demands