ആദ്യ ഇന്നിങ്‌സിൽ 46 റൺസിന് പുറത്ത്; സി.കെ നായിഡു ട്രോഫിയിൽ കേരളത്തെ ചുരുട്ടിക്കെട്ടി തമിഴ്‌നാട്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: KCA
Photo: KCA

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ തമിഴ്‌നാടിനെതിരെ കേരളത്തിന് ബാറ്റിങ് തകർച്ച. ആദ്യ ഇന്നിങ്‌സിൽ വെറും 46 റൺസിന് ഓൾഔട്ടായ കേരളം രണ്ടാം ഇന്നിങ്‌സിൽ ഏഴ് വിക്കറ്റിന് 99 റൺസെന്ന നിലയിലാണ്. മൂന്ന് വിക്കറ്റുകൾ ശേഷിക്കെ ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ കേരളത്തിന് 170 റൺസ് കൂടി വേണം. നേരത്തെ തമിഴ്‌നാടിന്റെ ആദ്യ ഇന്നിങ്‌സ് 315 റൺസിന് അവസാനിച്ചിരുന്നു.

എട്ട് വിക്കറ്റിന് 289 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ തമിഴ്‌നാടിന്റെ ഇന്നിങ്‌സ് അധികം നീണ്ടില്ല. 25 റൺസെടുത്ത പ്രവീൺ രാമചന്ദ്രന്റെയും 21 റൺസെടുത്ത ദീപേഷ് ദേവേന്ദ്രന്റെയും വിക്കറ്റുകൾ വീഴ്ത്തി ആദിത്യ ബൈജു തമിഴ്‌നാട് ഇന്നിങ്‌സിന് അവസാനമിട്ടു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ ബൈജുവും അഭിജിത് പ്രവീണുമാണ് കേരളത്തിന്റെ ബൗളിങ് നിരയിൽ തിളങ്ങിയത്.

എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ദീപേഷ് ദേവേന്ദ്രന്റെ വേഗതയാർന്ന പന്തുകൾക്ക് മുൻപിൽ പിടിച്ചുനിൽക്കാനായില്ല. ഇന്നിങ്‌സിന്റെ രണ്ടാം പന്തിൽ തന്നെ ഗോവിന്ദ് ദേവ് പൈ (0) പുറത്തായി. തൊട്ടുപിറകെ ആറ് റൺസെടുത്ത മാധവ് കൃഷ്ണയും മടങ്ങി. തുടർന്നെത്തിയ ബാറ്റർമാരും ചെറുത്തുനിൽപ്പ് പോലുമില്ലാതെ കീഴടങ്ങിയതോടെ 15.3 ഓവറിൽ വെറും 46 റൺസിന് കേരളത്തിന്റെ ഇന്നിങ്‌സ് അവസാനിച്ചു. 19 റൺസെടുത്ത എസ്.എസ്. അക്ഷയ് മാത്രമാണ് രണ്ടക്കം കടന്നത്. തമിഴ്‌നാടിന് വേണ്ടി ദീപേഷ് ദേവേന്ദ്രൻ ആറും സച്ചിൻ രഥി മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

തുടർന്ന് ഫോളോഓൺ ചെയ്ത് രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴും കേരളത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. 26 റൺസെടുത്ത മാധവ് കൃഷ്ണയും 22 റൺസെടുത്ത ക്യാപ്റ്റൻ അഹ്മദ് ഇമ്രാനുമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. കളി നിർത്തുമ്പോൾ നാല് റൺസോടെ അഭിജിത് പ്രവീണും റണ്ണൊന്നും എടുക്കാതെ ആദിത്യ ബൈജുവുമാണ് ക്രീസിൽ. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ആർ.എസ്. അംബ്രീഷും മൊഹമ്മദ് അലിയുമാണ് തമിഴ്‌നാടിന് വേണ്ടി തിളങ്ങിയത്.

Content Highlights: Kerala bowled out for a mere 46 runs in their first innings against Tamil Nadu., Tamil Nadu posted 315 runs in their first innings, led by disciplined bowling and batting performances., Following on, Kerala sits at 99 for 7, still needing 170 runs to avoid an innings defeat., Deepesh Devendran starred with the ball for Tamil Nadu, taking 6 wickets in the first innings.