ജമ്മു കശ്മീര്‍ 115 റണ്‍സിന് പുറത്ത്; കേരളത്തിന് 262 റണ്‍സ് ലീഡ്

തലശ്ശേരി: കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അണ്ടര്‍-23 കേണല്‍ സി.കെ.നായിഡു ട്രോഫി ചതുര്‍ദിന മത്സരത്തിന്റെ ഒന്നാമിന്നിങ്‌സില്‍ കേരളത്തിന് ലീഡ്. ജമ്മു കശ്മീരിനെ 115 റണ്‍സിന് പുറത്താക്കിയ കേരളം 262 റണ്‍സ് ലീഡ് നേടി. ആദ്യ ഇന്നിങ്‌സില്‍ കേരളം 377 റണ്‍സ് അടിച്ചിരുന്നു.
അഞ്ചു വീതം വിക്കറ്റ് വീഴ്ത്തിയ സിജോമോന്‍ ജോസഫും ശ്രീഹരി എസ് നായരും ജമ്മു കശ്മീരിനെ എറിഞ്ഞിടുകയായിരുന്നു. സിജോമോന്‍ 16 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ചു വിക്കറ്റ് നേട്ടത്തിലെത്തിയത്. ശ്രീഹരി 10.3 ഓവറില്‍ 29 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു.
42 റണ്‍സെടുത്ത ഓപ്പണര്‍ അഭിശന്ത് ബക്ഷിയാണ് ജമ്മുവിന്റെ ടോപ്പ് സ്‌കോറര്‍. ഏഴു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. രണ്ടാം ദിനം ഏഴു വിക്കറ്റിന് 296 റണ്‍സെന്ന നിലയിലാണ് കേരളം ബാറ്റിങ് തുടങ്ങിയത്. 81 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ആതിഥേയര്‍ ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ വല്‍സല്‍ ഗോവിന്ദിന്റെ സെഞ്ചുറി മികവിലാണ് കേരളം മികച്ച സ്‌കോറിലെത്തിയത്.
വല്‍സല്‍ ഗോവിന്ദ് 311 പന്തില്‍ 191 റണ്‍സ് നേടിയപ്പോള്‍ അര്‍ജുന്‍ അജി 61 റണ്‍സ് നേടി. എം.പി.ശ്രീരൂപ് 43 റണ്‍സുമെടുത്തു. ജമ്മുവിനുവേണ്ടി ലോണ്‍ നസിര്‍ മുസാഫര്‍ 52 റണ്‍സിന് മൂന്നുവിക്കറ്റ് വീഴ്ത്തി. സുനില്‍ കുമാര്‍ രണ്ടു വിക്കറ്റെടുത്തു.
Content Highlights: CK Nayudu Trophy Cricket Kerala vs Jammu and Kashmir
Content Highlights: