നൂറാം ടെസ്റ്റില്‍ സെഞ്ചുറി; അപൂര്‍വനേട്ടവുമായി മുഷ്ഫിഖര്‍ റഹിം

ധാക്ക: ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖര്‍ റഹിം. നൂറാം ടെസ്റ്റില്‍ സെഞ്ചുറിനേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് മുഷ്ഫിഖര്‍ ഇടംപിടിച്ചത്. അയര്‍ലന്‍ഡിനെതിരേ സെഞ്ചുറിനേടിയാണ് ബംഗ്ലാദേശ് താരം ചരിത്രനേട്ടം സ്വന്തമാക്കിയത്. താരത്തിന്റെ 13-ാം ടെസ്റ്റ് സെഞ്ചുറിയാണിത്.
ടെസ്റ്റ് ചരിത്രത്തില്‍ നൂറാം മത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന പതിനൊന്നാമത്തെ താരമാണ് മുഷ്ഫിഖര്‍. അയര്‍ലന്‍ഡിനെതിരേ ആദ്യ ഇന്നിങ്‌സില്‍ താരം 214 പന്തില്‍ നിന്ന് 106 റണ്‍സെടുത്ത് പുറത്തായി. ബംഗ്ലാദേശിനായി നൂറ് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരം കൂടിയാണ് മുഷ്ഫിഖര്‍. മുഷ്ഫിഖറിന്റെയും ലിട്ടണ്‍ ദാസിന്റെയും സെഞ്ചുറി കരുത്തില്‍ ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 476 റണ്‍സെടുത്തു.
മുന്‍ പാക് താരം ഇന്‍സമാം ഉള്‍-ഹഖ്, ഓസീസ് താരങ്ങളായ റിക്കി പോണ്ടിങ്, ഡേവിഡ് വാര്‍ണര്‍, ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ട് എന്നിവര്‍ നേരത്തേ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ട് താരമായ കോളിന്‍ കൗഡ്രെയാണ് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യതാരം. 1968 ലാണ് താരത്തിന്റെ നേട്ടം. അതേസമയം നൂറാം ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടിയ ഒരേയൊരുതാരം റിക്കി പോണ്ടിങ്ങാണ്. അതേസമയം ഡേവിഡ് വാർണർ നൂറാം ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി നേടിയിട്ടുണ്ട്.
Content Highlights: Veteran Bangladeshi cricketer Mushfiqur Rahim has become part of Test cricket history by scoring a century in his 100th game