ഭാഗ്യം എന്നല്ലാതെ മറ്റെന്ത് പറയാന്‍! അത്ഭുത ക്യാച്ചുമായി ആരാധകരെ ഞെട്ടിച്ച് അലക്‌സ്

ലണ്ടന്‍: ക്രിക്കറ്റ് ലോകത്ത് പലതരം ക്യാച്ചുകള്‍ പിറക്കാറുണ്ട്. അതില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ താരങ്ങള്‍ കൈയ്യിലാക്കുന്ന ക്യാച്ചുകള്‍ ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലാകാറുമുണ്ട്. അത്തരത്തിലൊരു ക്യാച്ചെടുത്ത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അലക്‌സ് റൈഡര്‍ എന്ന 16 കാരന്‍.
ലണ്ടനിലെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആള്‍ഡ്വിക്ക് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി കളിച്ചപ്പോഴാണ് അലക്‌സ് തകര്‍പ്പന്‍ ക്യാച്ചെടുത്ത് വൈറലായത്. ലിങ്ഫീല്‍ഡ് ക്രിക്കറ്റ് ക്ലബ്ബായിരുന്നു എതിരാളികള്‍.
മത്സരത്തില്‍ പന്തെറിയുകയായിരുന്നു അലക്‌സ്. അലക്‌സിന്റെ പന്തില്‍ ബാറ്റര്‍ സിക്‌സ് നേടാന്‍ ശ്രമിച്ചെങ്കിലും പന്ത് കുത്തനെ ഉയര്‍ന്നു. അലക്‌സിന് അനായാസ ക്യാച്ചാണ് ബാറ്റര്‍ സമ്മാനിച്ചത്. എന്നാല്‍ അലക്‌സിന്റെ കണക്കുകൂട്ടല്‍ തെറ്റി. പന്ത് കൈയ്യില്‍ തട്ടിയുയര്‍ന്നു. ആ സമയം ഗ്രൗണ്ടില്‍ വീഴാന്‍ തുടങ്ങുകയായിരുന്നു താരം.
എന്നാല്‍ ഉയര്‍ന്നുപൊന്തിയ പന്ത് വീഴാന്‍ പോയ അലക്‌സിന്റെ കാലില്‍ തട്ടി പിന്നെയും ഉയര്‍ന്നു. ഇതുകണ്ട അലക്‌സ് കിടന്നുകൊണ്ട് പന്ത് പിടിച്ചു. ഭാഗ്യത്തിന്റെ അകമ്പടി കൊണ്ട് മാത്രമാണ് താരം ക്യാച്ചെടുത്തത്. അത്ഭുതത്തോടെ അലക്‌സ് സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിച്ചു. അലക്‌സ് ക്യാച്ചെടുക്കുന്ന വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ടുതന്നെ വൈറലായി.
Content Highlights: alex ryder, viral catch by alex, england cricketer viral catch, cricket news, sports news, sports