രോഹിത് വിഷയത്തിലെ നിലപാടുമാറ്റം; സെലക്ഷൻ കമ്മിറ്റിയെ ബിസിസിഐ വഞ്ചിച്ചോ?

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ ബിസിസിഐ തലപ്പത്തുള്ളവരും അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള നിവിലെ സെലക്ഷൻ കമ്മിറ്റിയും തമ്മിലുള്ള അഭിപ്രായഭിന്നതകൾ വഷളാകുന്നതായി റിപ്പോർട്ട്. സീനിയർ താരം രോഹിത് ശർമയുടെ ഭാവി സംബന്ധിച്ച ബിസിസിഐയുടെ നിലപാടാണ് നിലവിലെ തർക്കങ്ങൾക്ക് പ്രധാന കാരണം.
2027-ലെ ഏകദിന ലോകകപ്പിനുള്ള ടീമിന്റെ പദ്ധതികളിൽ രോഹിത് ശർമ ഭാഗമല്ലെന്ന് സെലക്ടർമാരും ടീം മാനേജ്മെന്റും താരത്തെ നേരത്തെ അറിയിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയോടെ രോഹിത് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഉയർന്നു.
എന്നാൽ, ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിന് തൊട്ടുമുമ്പ് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ രോഹിത് ടീമിന്റെ ഭാവി പദ്ധതികളിൽ ഉറച്ചുനിൽക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയുടെ സമ്മർദത്തിന് വഴങ്ങിയാണ് ബിസിസിഐ സെക്രട്ടറി തന്റെ നിലപാട് മാറ്റിയതെന്നാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വിശ്വസിക്കുന്നത്. ബിസിസിഐയുടെ ഈ നീക്കത്തിൽ തങ്ങൾ 'വഞ്ചിക്കപ്പെട്ടു' എന്നാണ് സെലക്ടർമാരുടെ വികാരം. ഇതിനിടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചുറിയടിച്ച് രോഹിത് ശർമ സെലക്ടർമാരുടെ വായടപ്പിച്ചു.
2027-ലെ ലോകകപ്പ് ടീമിൽ രോഹിത് ശർമ ഉൾപ്പെട്ടാൽ ഇന്ത്യ കിരീടം നേടാൻ പാടുപെടുമെന്ന് പല സെലക്ടർമാരും ഇപ്പോഴും വിശ്വസിക്കുന്നു. ഈ തർക്കങ്ങൾക്കിടയിൽ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടെ സ്ഥാനവും ഭീഷണിയിലാണ്. അഗാർക്കറിന് പകരം വി.വി.എസ് ലക്ഷ്മണെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിക്കാൻ ബിസിസിഐ ആലോചിക്കുന്നതായാണ് വിവരം.
അഗാർക്കറുടെ കരാർ നേരത്തെ 2026 ജൂൺ വരെയായിരുന്നുവെങ്കിലും ബിസിസിഐ മൂന്ന് മാസത്തേക്ക് കാലാവധി നീട്ടി നൽകിയിരുന്നു. 2027 ലോകകപ്പ് വരെ അദ്ദേഹം തുടരുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ ബിസിസിഐയുടെ നിലപാട് നിർണായകമാകും. രോഹിത് ശർമയുടെ കാര്യത്തിലുള്ള ഈ ഭിന്നത ഇന്ത്യൻ ക്രിക്കറ്റ് ഭരണരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം.
ഈ വിഷയം സെപ്റ്റംബറിൽ നടക്കുന്ന ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ചർച്ച ചെയ്‌തേക്കും. ഇന്ത്യ ജയിച്ചാൽ അഗാർക്കറിന് ലോകകപ്പ് വരെ തുടരാൻ അനുവദിച്ചേക്കാം എന്നും വിവരമുണ്ട്. അതേസമയം, ഇന്ത്യ തുടർച്ചയായ തോറ്റിട്ടും ബിസിസിഐ അവലോകന യോഗം ചേർന്നിട്ടില്ല. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ 10 മത്സരങ്ങളിൽ എട്ടിലും തോറ്റിരുന്നു.
Content Highlights: Internal conflict between BCCI and Ajit Agarkar's selection committee regarding Rohit Sharma's future., BCCI secretary publicly contradicted the selection committee's stance on Rohit's inclusion., Reports suggest VVS Laxman may replace Agarkar as chairman., Agarkar's tenure extension expires in 2026, creating uncertainty., BCCI Annual General Meeting in September to address the leadership crisis.