ലോകകപ്പ് ജേതാക്കളായ അണ്ടർ-19 ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ഹരാരെ: അണ്ടർ-19 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 7.50 കോടി രൂപയാണ് പാരിതോഷികം. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയാണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടമണിഞ്ഞത്.
2026 അണ്ടർ-19 ലോകകപ്പ് വിജയത്തിൽ അണ്ടർ-19 ടീമിനെക്കുറിച്ച് രാജ്യത്തിനും ബിസിസിഐക്കും അഭിമാനമുണ്ട്. ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച രീതിയും ടൂർണമെന്റിൽ അപരാജിതരായി മുന്നേറിയതും ഞങ്ങൾക്ക് അഭിമാനമുണ്ടാക്കുന്നു. ബിസിസിഐ ടീമിന് 7.50 കോടി രൂപ സമ്മാനമായി നൽകും. - ദേവജിത് സൈക്കിയ അറിയിച്ചു.
ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്താണ് ആയുഷ് മാത്രെ നയിച്ച ടീം കപ്പുയർത്തിയത്. ഇന്ത്യയുടെ ആറാം കിരീടമാണിത്. ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രകടനം ഫൈനലിനുവേണ്ടി കാത്തുവെച്ച സൂര്യവംശി 80 പന്തിൽ 175 റൺസുമായി ഹരാരെ സ്‌റ്റേഡിയത്തിൽ നിറഞ്ഞാടി. ഇതിൽ 15 ഫോറും 15 സിക്‌സുമുണ്ട്. ഐ.സി.സി. ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും കുറിച്ച് ഫൈനലിലെ മികച്ച താരവുമായി. ആയുഷ് മാത്രെ (53), വേദാന്ത് ത്രിവേദി (32), വിഹാൻ മൽഹോത്ര (30), അഭിഗ്യാൻ കുണ്ഡു (40), കനിഷ്‌ക് ചൗഹാൻ (37*) എന്നിവരും തിളങ്ങിയപ്പോൾ ഇന്ത്യ 411 റൺസെന്ന റെക്കോഡ് സ്കോറിലെത്തി.
മറുപടി ബാറ്റിങ്ങിൽ, ഇന്ത്യയുടെ റൺറേറ്റിനൊപ്പം നീങ്ങിയ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ ഇടയ്ക്കിടെ വീഴ്ത്തി ബൗളർമാർ ജയം ഉറപ്പാക്കി. കാലിബ് ഫാൽക്കനറുടെ (67 പന്തിൽ 115) സെഞ്ചുറി ഫലംകണ്ടില്ല. ഇന്ത്യക്കുവേണ്ടി ആർ.എസ്. അംബരീഷ് മൂന്നും ദീപേഷ് ദേവേന്ദ്രൻ, കനിഷ്‌ക് ചൗഹാൻ എന്നിവർ രണ്ടുവീതവും വിക്കറ്റ് നേടി. 311 റൺസിന് ഇംഗ്ലണ്ട് പുറത്തായി.
ആകെ 439 റൺസും ഒരുവിക്കറ്റും നേടിയ സൂര്യവംശി ടൂർണമെന്റിലെയും മികച്ച താരമായി. തുടർച്ചയായി ഏഴു ജയങ്ങളോടെയാണ് ഇന്ത്യ കിരീടത്തിലെത്തിയത്.
Content Highlights: BCCI Announces Bumper Rs 7.50 Crore Reward For India's U19 World Cup-Winning Team