പാക് നായകനെതിരേ നിയമനടപടിക്ക് ബി.സി.സി.ഐ

പാകിസ്താൻ ക്യാപ്റ്റൻ സല്‍മാൻ ആഗ
പാകിസ്താൻ ക്യാപ്റ്റൻ സല്‍മാൻ ആഗ

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയ്‌ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങി ബി.സി.സി.ഐ. ഏഷ്യാ കപ്പില്‍ നിന്നു ലഭിച്ച മാച്ചഫീ, പഹൽഗാം ഭീകരാക്രമണത്തിനുള്ള തരിച്ചടിയായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ബാധിച്ചവര്‍ക്ക് സമ്മാനിക്കുമെന്ന ആഗയുടെ പ്രസ്താവനയ്‌ക്കെതിരേയാണ് ബി.സി.സി.ഐ നിയമനടപടിക്ക് ശ്രമിക്കുന്നത്. മാച്ച് ഫീ ഇന്ത്യന്‍ സൈനികര്‍ക്കും പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുമെന്ന ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചായിരുന്നു ആഗയുടെ പ്രസ്താവന. പി.സി.ബി ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വി കപ്പുമായി കടന്നുകളഞ്ഞതിനെയും ആഗ ശ്ലാഘിച്ചിരുന്നു.

ഇതിനെതിരേ ഔദ്യോഗികമായി തന്നെ പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് ബി.സി.സി.ഐ. ആഗയുടെ പ്രസ്താവന വിവാദവും രാഷ്ട്രീയപ്രേരിതവും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ നടപടിക്ക് ഒരുങ്ങുന്നതെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.