ഗംഭീറിന് പകരം ലക്ഷ്മണോ? ‘അങ്ങനെയൊരു പദ്ധതിയില്ല’, മൗനം വെടിഞ്ഞ് ബിസിസിഐ

ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ ഗൗതം ഗംഭീറിന് പകരം മുൻ താരം വി.വി.എസ്. ലക്ഷ്മണിനെ മുഖ്യ പരിശീലകനായി നിയമിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിഷേധിച്ച് ബിസിസിഐ. ഗംഭീറിനെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കാനോ പുതിയ ആളെ കൊണ്ടുവരാനോ ബിസിസിഐക്ക് പദ്ധതിയില്ലെന്ന് വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. മാധ്യമ റിപ്പോർട്ടുകളിൽ പ്രതികരിച്ച് ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടാണ് ശുക്ല ഇക്കാര്യം വിശദീകരിച്ചത്.
'മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളെക്കുറിച്ച് ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കിയത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഗംഭീറിനെ പുറത്താക്കാനോ പുതിയ പരിശീലകനെ കൊണ്ടുവരാനോ പദ്ധതിയില്ല'- ശുക്ല പറഞ്ഞു.
പരിശീലകനെ മാറ്റാൻ ബോർഡ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് നേരത്തേ ദേവാജിത് സൈകിയയും വ്യക്തമാക്കിയിരുന്നു. തീർത്തും തെറ്റായ വാർത്തയാണ് അതെന്നും ചില പ്രശസ്ത വാർത്താ ഏജൻസികൾ പോലും ഈ വാർത്ത നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇത് ആരുടെയോ ഭാവനയാണ്. ഒരു സത്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഗംഭീറിന്റെ കീഴിൽ ഇന്ത്യ സ്വന്തം നാട്ടിൽ 0-2ന് ടെസ്റ്റ് പരമ്പര പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് ലക്ഷ്മൺ ചുമതലയേൽക്കാൻ പോകുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നത്. ഈ വർഷംതന്നെ ഇതേ കോച്ചിന്റെ കീഴിൽ ന്യൂസീലൻഡിനോടും ഇന്ത്യ 0-3ന് പരമ്പര തോറ്റിരുന്നു.
Content Highlights: BCCI Denies Speculation: Gautam Gambhir Remains India's Test Head Coach