‘ഐപിഎല്ലിൽ താരങ്ങൾ പരിക്കുകളോടെ കളിക്കുന്നു, കുറ്റം ഫിസിയോയ്ക്ക്’ - ബിസിസിഐ വൃത്തങ്ങൾ

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം താഴുന്നതിൽ അടുത്തിടെയാണ് ബിസിസിഐ ആശങ്ക പ്രകടിപ്പിച്ചത്. ഇത് സംബന്ധിച്ച് ടീം ഫിസിയോ കമലേഷ് ജെയിനിനോട് ബിസിസിഐയും ടീം മാനേജ്മെന്റും വിശദീകരണം തേടിയതായാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് പര്യടനത്തിനിടെ താരങ്ങൾക്ക് തുടർച്ചയായി പേശിവലിവ് അനുഭവപ്പെട്ടതും ഫീൽഡിങ്ങിലെ വേഗതക്കുറവും അധികൃതരുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. താരങ്ങൾക്ക് തുടർച്ചയായി പരിക്കേൽക്കുന്നതിന് പിന്നിൽ ഐപിഎല്ലും ഒരു കാരണമാണെന്നാണ് ബിസിസിഐ സെന്റർ ഓഫ് എക്സലൻസുമായി (സിഒഇ) ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
മനുഷ്യശരീരത്തിന് അതിന്റെ പരിധികളുണ്ടെന്നും അമിതമായി കളിക്കുന്നത് പ്രത്യേകിച്ച് പ്രായമായ കളിക്കാരിൽ പരിക്കിന് കാരണമാകുമെന്നും സെന്റർ ഓഫ് എക്സലൻസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഐപിഎല്ലും ഇതിന് കാരണമാകുന്നുണ്ടെന്നുമാണ് പ്രതികരണം. ‘ഫ്രാഞ്ചൈസികളുടെയും മറ്റും സമ്മർദ്ദങ്ങൾ കാരണം ഐപിഎല്ലിൽ താരങ്ങൾ പരിക്കുകളോടെ കളിക്കുന്നു. പിന്നീട് അത് ഫിസിയോമാരുടെ തലയിൽ കെട്ടിവെക്കുന്നു. ടീം ഫിസിയോമാരും സിഒഇ ഫിസിയോമാരും കാര്യക്ഷമതയും ആത്മാർത്ഥതയും ഉള്ളവരാണ്. കളിക്കാരുടെ ഫിറ്റ്നസിനാണ് അവർ മുൻഗണന നൽകുന്നത്. താരങ്ങൾക്ക് നിരന്തരം പരിക്കേൽക്കുന്നത് സെലക്ടർമാർക്കും കോച്ചിനും ക്യാപ്റ്റനുമെല്ലാം ബുദ്ധിമുട്ടാക്കുന്നു.’- സിഒഇ വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു.
സെന്റർ ഓഫ് എക്‌സലൻസ് താരങ്ങളുടെ ഫിറ്റ്‌നസ് പ്രോഗ്രാമുകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ പ്രതികരണം. ഓരോ താരത്തിനും വെവ്വേറെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് പകരം എല്ലാവർക്കും ഏകീകൃതമായ ഫിറ്റ്‌നസ് പരീക്ഷകൾ നടപ്പിലാക്കാനാണ് തീരുമാനം. സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായി അഡ്രിയാൻ ലെറൂക്‌സ് ചുമതലയേറ്റതോടെ, കായികക്ഷമത അളക്കുന്നതിനുള്ള പ്രധാന പരീക്ഷയായി 'ബ്രോങ്കോ ടെസ്റ്റ്' മാറിയിരിക്കുകയാണ്. മുൻകാലങ്ങളിൽ ചില മുതിർന്ന താരങ്ങൾക്ക് കായികക്ഷമതാ പരിശോധനകളിൽ ഇളവുകൾ നൽകിയിരുന്നതായും എന്നാൽ ഇനി മുതൽ അത് അനുവദിക്കില്ലെന്നും ബിസിസിഐ വൃത്തങ്ങൾ നേരത്തേ സൂചിപ്പിച്ചിരുന്നു. താരങ്ങളുടെ പദവി നോക്കാതെ, കായികക്ഷമതയിൽ തൃപ്തികരമല്ലാത്ത എന്തും റിപ്പോർട്ട് ചെയ്യാൻ ഫിസിയോ കമലേഷ് ജെയിനിന് കർശന നിർദേശം നൽകിയിട്ടുണ്ട്.
ഫീൽഡിങ്ങിൽ താരങ്ങളുടെ ചലനവേഗത കുറയുന്നതും ബാറ്റിങ്ങിനിടെ ഓടിയെടുക്കുന്ന റണ്ണുകളുടെ കാര്യത്തിൽ മുതിർന്ന താരങ്ങൾ പ്രയാസപ്പെടുന്നതും ബിസിസിഐ ഗൗരവമായി കാണുന്നു. താരങ്ങളുടെ ശരീരഭാരത്തിന്റെ കാര്യത്തിലും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കായികക്ഷമതയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായി മുന്നോട്ട് പോകാനാണ് ബിസിസിഐയുടെ തീരുമാനം. സമീപകാലത്ത് ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ തുടങ്ങി ഒട്ടേറെ താരങ്ങൾക്കാണ് പരിക്കേറ്റത്. ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തിരുന്നു.
Content Highlights: Players playing through injuries in IPL due to franchise and financial pressures., BCCI CoE physios face heavy challenges managing player rehabilitation