ഇന്ത്യൻ ഏജന്റെന്ന് അധിക്ഷേപിച്ച ബോർഡ് അംഗത്തെ പുറത്താക്കി; നടപടി ബംഗ്ലാദേശിൽ പ്രതിഷേധം കടുത്തതോടെ

ഹരാരെ: മുൻ ബംഗ്ലാദേശ് താരം തമീം ഇഖ്ബാലിനെ ഇന്ത്യൻ ഏജന്റെന്ന് വിളിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അംഗത്തിനെതിരേ നടപടി. തമീമിനെ അധിക്ഷേപിച്ച നജ്മുൾ ഇസ്ലാമിനെ ബിസിബി പുറത്താക്കി. നജ്മുളിനെതിരേ ബംഗ്ലാദേശ് ക്രിക്കറ്റിൽ വൻ പ്രതിഷേധമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബോർഡ് കടുത്ത നടപടിയിലേക്ക് കടന്നത്. ബിസിബി ഫിനാൻസ് കമ്മിറ്റി ചെയർമാനായിരുന്നു നജ്മുൾ.
സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലും ബോർഡിന്റെ താത്പര്യങ്ങൾ പരിഗണിച്ചും ബിസിബി ഫിനാൻസ് ചെയർമാന്റെ ചുമതലകളിൽ നിന്ന് നജ്മുൾ ഇസ്ലാമിനെ ഒഴിവാക്കുന്നതായി ബിസിബി പ്രസ്താവനയിൽ അറിയിച്ചു. ക്രിക്കറ്റ് കളിക്കാരുടെ താത്പര്യങ്ങൾക്കാണ് മുൻഗണനയെന്നും ബിസിബി വ്യക്തമാക്കി. എല്ലാ കളിക്കാരുടെയും അന്തസ്സും അഭിമാനവും നിലനിർത്തുന്നതിൽ ബോർഡ് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും നജ്മുളിനെതിരായ നടപടിയെടുത്തതിന് പിന്നാലെ ബോർഡ് കൂട്ടിച്ചേർത്തു. വിഷയത്തിൽ വൻ പ്രതിഷേധം ഉയർന്നതോടെയാണ് ബിസിബി നടപടി കൈക്കൊണ്ടത്. ബംഗ്ലാദേശ് പ്രീമിയർ ലീഗ് ബഹിഷ്ക്കരിക്കുമെന്ന് താരങ്ങൾ ഭീഷണി മുഴക്കി. അതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് ബോർഡ് കടന്നത്.
ടി20 ലോകകപ്പ് വേദി മാറ്റം സംബന്ധിച്ച വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയ തമീമിനെ ബിസിബി അംഗമായ നജ്മുൾ ഇസ്ലാം ഇന്ത്യൻ ഏജന്റെന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്. ഏതൊരു തീരുമാനമെടുക്കുമ്പോഴും അത് ബംഗ്ലാദേശിന്റെ ഭാവി താത്പര്യങ്ങൾ പരിഗണിച്ചായിരിക്കണമെന്ന നിർദേശമാണ് തമീം മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ ഈ അഭിപ്രായപ്രകടനത്തിന് പിന്നാലെ നജ്മുൾ തമീമിനെതിരേ ആഞ്ഞടിച്ചു. ഒരു ഇന്ത്യൻ ഏജന്റിന്റെ അഭിപ്രായപ്രകടനത്തിനാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിൽ തമീമിന്റെ ചിത്രമടക്കം പങ്കുവെച്ചാണ് പ്രതികരണം.
എല്ലാ തീരുമാനവും ബംഗ്ലാദേശ് ക്രിക്കറ്റിന് ഗുണകരമാകുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയാവണമെന്നാണ് തമീം പറഞ്ഞത്. ഞാൻ ബിസിബിയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുകൊണ്ട്, മറ്റേതൊരാളെയും പോലെ മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങൾ അറിയുന്നത്. എന്നാൽ ഈ കാര്യങ്ങളിൽ ഇടപെട്ടിട്ടുള്ളവർക്ക് ഇതിനേക്കാൾ കൂടുതൽ വിവരങ്ങൾ ഉണ്ടാകും. അതിനാൽ, വിഷയത്തിൽ പെട്ടെന്നൊരു അഭിപ്രായം പറയുന്നില്ല. എന്നിരുന്നാലും, ഇത്തരം തീരുമാനമെടുക്കുന്നതിനുമുമ്പ് ബംഗ്ലാദേശ് ക്രിക്കറ്റിന്റെ താത്പര്യങ്ങൾ, ഭാവി, എന്നിവ പരിഗണിക്കണം. സംഭാഷണങ്ങളിലൂടെ എന്തെങ്കിലും പരിഹരിക്കാൻ കഴിയുമെങ്കിൽ അതാണ് നല്ലത് . - തമീം ഇഖ്ബാൽ പറഞ്ഞു.
"ഇത് വളരെ ഗൗരവകരമായ വിഷയമാണ്. പൊതുവായി അഭിപ്രായം പറയുന്നതിനുമുമ്പ് ഞങ്ങൾ പരസ്പരം ചർച്ച ചെയ്യുമായിരുന്നു. കാരണം നിങ്ങൾ ഒരു പൊതു അഭിപ്രായം പറയുമ്പോൾ, അത് ശരിയോ തെറ്റോ ആകട്ടെ, ആ നിലപാടിൽ നിന്ന് പിന്മാറുന്നത് ബുദ്ധിമുട്ടാണ്. ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ഭാവിയാണ് എല്ലാത്തിനും മുന്നിൽ. കൂടാതെ 90 മുതൽ 95 ശതമാനം വരെ സാമ്പത്തിക സഹായം ലഭിക്കുന്നത് ഐസിസിയിൽ നിന്നാണ്. അതിനാൽ ബംഗ്ലാദേശ് ക്രിക്കറ്റിന് ഗുണകരമാകുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കണം."- തമീമിന്റെ ഈ പ്രതികരണത്തിന് പിന്നാലെയാണ് നജ്മുളിന്റെ അധിക്ഷേപം.
Content Highlights: Bangladesh Board Sacks Top Official M. Nazmul Islam Amid Protest Over Controversial 'Indian Agent' Slur