തുടര്‍ച്ചയായ മൂന്നാം ജയം; ഓസീസിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ബംഗ്ലദേശ്

Photo: AFP
Photo: AFP

ധാക്ക: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ജയം നേടിയ ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കി.

ഓസ്‌ട്രേലിയയ്ക്കെതിരേ ഏതൊരു ഫോര്‍മാറ്റിലുമായി ബംഗ്ലാദേശിന്റെ ആദ്യ പരമ്പര വിജയമാണിത്. 

മൂന്നാം മത്സരത്തില്‍ 10 റണ്‍സിനായിരുന്നു ബംഗ്ലാദേശ് ടീമിന്റെ ജയം. 

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 53 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ മഹ്‌മദുള്ളയ്ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹാട്രിക് നേടി റെക്കോഡിട്ട ഓസീസ് താരം നഥാന്‍ എല്ലിസിന്റെ പ്രകടനമാണ് ബംഗ്ലാദേശിനെ 127-ല്‍ ഒതുക്കിയത്. അവസാന ഓവറില്‍ മഹ്‌മൂദുല്ല, മുസ്തഫിസുര്‍ റഹ്‌മാന്‍, മെഹ്ദി ഹസ്സന്‍ എന്നിവരെ പുറത്താക്കിയാണ് എല്ലിസ് ഹാട്രിക്ക് തികച്ചത്. 

എന്നാല്‍ 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 20 ഓവറില്‍ നേടാനായത് നാലു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് മാത്രം.

ആദ്യ മത്സരത്തില്‍ 23 റണ്‍സിനും രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനുമായിരുന്നു ഓസീസിന്റെ തോല്‍വി. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ബംഗ്ലാദേശ് 3-0ന് മുന്നിലെത്തി. 

നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത മുസ്തഫിസുര്‍ റഹ്‌മാന്റെ ബൗളിങ് മികവ് വിജയത്തില്‍ നിര്‍ണായകമായി.

47 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത മിച്ചെല്‍ മാഷിനും ഓസീസിനെ വിജയത്തിലെത്തിക്കാനായില്ല.

Content Highlights: Bangladesh clinch first-ever series win against Australia

Content Highlights: